പത്തനംതിട്ട: അയോദ്ധ്യയും ശബരിമലയും ഒരുപോലെയാണെന്നും രണ്ടും ഹിന്ദുവിന്റെ ആത്മാഭിമാനം ഉയർത്തിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ ബി.ജെ.പി ശക്തികേന്ദ്ര പ്രവർത്തകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോദ്ധ്യ പ്രക്ഷോഭം പോലെ പ്രധാനപ്പെട്ട താണ് ശബരിമല പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബൂത്ത് പ്രവർത്തക കൺവെൻഷനും യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തിരുന്നു. ശബരിമലയെയും വിശ്വാസങ്ങളെയും തകർക്കുന്ന പിണറായി സർക്കാരിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിലെ കുംഭമേളയ്‌ക്കെത്തുന്ന 21 കോടി ഭക്തർക്ക് വേണ്ട എല്ലാ സൗകര്യവും മോദി സർക്കാരിന്റെ സഹായത്തോടെ ചെയ്തുകൊടുക്കുന്നു. അയ്യപ്പന്റെ ജന്മസ്ഥലമായ ശബരിമലയെയും വിശ്വാസത്തെയും സുപ്രീംകാേടതി വിധിയുടെ മറവിൽ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.
മോദി സർക്കാരിന്റെ ഭരണം രാജ്യത്തിന്റെ ആത്മാഭിമാനം ഉയർത്തി. രാജ്യം തകരണമെന്നും അഴിമതിയും ഭീകരവാദവും വളരണമെന്നും ആഗ്രഹിക്കുന്നവർ മോദിക്കെതിരെ ഒന്നിച്ചിരിക്കുകയാണ്. മോദി വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റെ മാതൃക ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും ചേർന്ന് യോഗി ആദിത്യനാഥിന് സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറി സി. ശിവൻകുട്ടി, സംസ്ഥാന സമിതിയംഗം ടി.ആർ. അജിത്കുമാർ, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി തുടങ്ങിയവർ പങ്കെടുത്തു.