ചെങ്ങന്നൂർ: പമ്പാ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി) കനാലുകൾ തകർന്നും കാടുമൂടിയും ഉപയോഗശൂന്യമായി. പ്രളയത്തിലാണ് കനാൽ കൂടുതൽ തകർന്നത്. വെണ്മണി, ആല, ചെറിയനാട്, പുലിയൂർ, ബുധനൂർ എന്നിവിടങ്ങളിൽ കനാൽ നാമമാത്രമായി മാറി. പുലിയൂർ വടപുറം, പടനിലം, കരികുളം, ചിറ്റാറ്റുവയൽ, പൂവണ്ണാമുറി, നരച്ചമുട്ടം എന്നീ പാടശേഖരങ്ങളിൽ മഴയേയും കനാൽജലത്തെയും ആശ്രയിച്ചാണ് കൃഷിചെയ്തിരുന്നത്.വെണ്മണി കണ്ണാടി മുണ്ടോടി പാടത്ത് കഴിഞ്ഞ തവണ 40 ഹെക്ടർ കൃഷി ഇറക്കിയത് കനാൽ വെള്ളം കിട്ടാതെ കരിഞ്ഞിരുന്നു. ഇക്കുറി 17 ഹെക്ടറിൽ മാത്രമാണ് കൃഷി.
കനാൽ മാലിന്യതൊട്ടിയായി
വർഷങ്ങളായി കാടുതെളിക്കാത്തതുമൂലം കനാലിൽ വൻ മരങ്ങൾ വരെ വളർന്നിട്ടുണ്ട്. കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ മാലിന്യനക്ഷേപവും. കനാലിലൂടെ വെള്ളമൊഴുകിയിട്ട് നാളുകളായി.
കുടിവെളളക്ഷാമം രൂക്ഷം
പമ്പ, മണിമല, അച്ചൻകോവിലാർ എന്നി നദികൾ കേന്ദ്രീകരിച്ച് ധാരാളം ചെറുകിട ജലപദ്ധതികൾ ഉണ്ടായിരുന്നു. പി.ഐ.പി കനാലിന്റെ വരവോടെ ഇവ നിറുത്തലാക്കിയത് കർഷകർക്ക് പ്രഹരമായി. പി.ഐ.പി. കനാൽ കൃഷിക്ക് മാത്രമല്ല സഹായകം. കടുത്ത വേനലിൽ കനാൽ വെള്ളമാണ് കിണറുകളിലെ ജലനിരപ്പ് കുറയാതെ കാക്കുന്നത്. പ്രളയത്തിന് ശേഷം പൊതുവേ കിണറുകളിൽ വെള്ളം കുറവാണ്. ചൂട് കടുത്തതോടെ കുടിവെളളക്ഷാമം രൂക്ഷമായി.
സ്വയംപര്യാപ്തത ലക്ഷ്യമിട്ടു, പക്ഷേ..
ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് അറുപതുകളിലാണ് കാനാൽ നിർമ്മാണം ആരംഭിച്ചത്. കൃഷിക്ക് തടസമില്ലാതെ വെള്ളം ലഭിക്കുന്നതോടൊപ്പം കുടിവെളളക്ഷാമത്തിന് പരിഹാരം ആകുമെന്നുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇന്ന് കൃഷിക്കും കുടിക്കാനും വെള്ളം കിട്ടാത്ത അവസ്ഥയാണ്.
കാടുവെട്ടിത്തെളിച്ചും അറ്റകുറ്റപണികൾ നടത്തിയും പി.ഐ.പി കനാൽ ഉപയോഗപ്രദമാക്കണം. നാലു മാസം മുൻപ് പി.ഐ.പിക്കും തൊഴിലുറപ്പുകാരെ വിട്ടു നൽകാൻ പഞ്ചായത്തിനും അപേക്ഷ നൽകി. എന്നാൽ ഒന്നും നടന്നില്ല.
മധുകരിയിലത്തറ
(പ്രസിഡന്റ് ,കണ്ണാടി പാടശേഖര സമിതി )