മല്ലപ്പള്ളി: കല്ലൂപ്പാറ തുരുത്തിക്കാട് കുഭമലയിൽ വൃദ്ധനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മരുമകളെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കുംഭമല കൊല്ലംപറമ്പിൽ ജെ. ജോർജ്ജിനെ (92) ആണ് തിങ്കളാഴ്ച രാത്രി വാക്കത്തിയും കമ്പിപാരയും ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചത്. മകൻ ചാക്കോ ജോർജ്ജിന്റെ ഭാര്യ മോളി (59) ആണ് പിടിയിലായത്. വടക്കേ ഇന്ത്യയിലായിരുന്ന പ്രതിയും ഭർത്താവും കഴിഞ്ഞയിടെയാണ് കുംഭമലയിൽ താമസമാക്കിയത്. സ്വത്ത് തർക്കമാണ് കലഹത്തിനും വധശ്രമത്തിനും കാരണമായതെന്ന് പൊലീസ് പറഞ്ഞു. ജോർജ്ജ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോളിയെ റിമാൻഡ് ചെയ്തു.