മല്ലപ്പള്ളി: മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വർഷത്തേക്കുളള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ. ദിനേശ് അവതരിപ്പിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ഗ്രാന്റ് ഇൻ എയ്ഡായി 4,06,93,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 2,81,11,000 രൂപ ജനറൽ വികസന ഫണ്ട് ഇനത്തിലും 1,21,57,000 രൂപ പ്രത്യേക ഘടകപദ്ധതിയിലും 4,25,000 രൂപ പട്ടികവർഗ്ഗ ഉപപദ്ധതികൾക്കായും നീക്കി വച്ചിട്ടുണ്ട്. മെറ്റിന്റനൻസ് ഗ്രാന്റ് ഫണ്ടായി 36,77,000 രൂപയും ജനറൽ പർപ്പസ് ഫണ്ടായി 44,93,000 രൂപയും ഉൾപ്പെടുത്തിട്ടുണ്ട്. മല്ലപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ 25 കോടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് വികസനഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കിടപ്പുരോഗികൾക്ക് തുടർ പരിചരണം നല്കുന്നതിനായി സെക്കന്ററി പാലിയേറ്റീവ് പദ്ധതിക്ക് 12 ലക്ഷം. ആശുപത്രികളിൽ മരുന്നു വാങ്ങുന്നതിനായി 31 ലക്ഷം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന നൂതനപ്രോജക്ട് ആയ സ്കൂൾ ഡോക്ടർ പദ്ധതിക്ക് 2 ലക്ഷം. ബ്ലോക്ക് പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ചേർന്നുളള പ്രവർത്തനത്തിന് 20 ലക്ഷം . വീടില്ലാത്തവർക്ക് വീടു നൽകുന്നതിനായി ലൈഫ് പദ്ധതിയിൽ 80 ലക്ഷം . ക്ഷീര സമൃദ്ധിക്കായി 48 ലക്ഷം എന്നിവയാണ് പ്രധാന പദ്ധതികൾ.
പശ്ചാത്തലമേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് 74,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായ് മോഹൻ അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ നടുവിലേമുറി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന സുനിൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ,കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുജാത, കോശി പി.സക്കറിയ, ശോശാമ്മതോമസ്, മിനു കെ.സാജൻ, ഷിനി കെ.പിളള, കെ. സതീഷ്, ബിനു ജോസഫ്, ലതാകുമാരി, എസ്. ശ്രീലേഖ സെക്രട്ടറി ഇൻ ചാർജ്ജ് ജി. കണ്ണൻ എന്നിവർ സംസാരിച്ചു.