തിരുവല്ല: തിരുമൂലപുരത്ത് നിർമിക്കുന്ന ബഹുനില കോടതി സമുച്ചയത്തിന് 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. തിരുമൂലപുരം കാളച്ചന്തയിൽ തിരുവല്ല നഗരസഭ ഹൈക്കോടതിക്ക് പത്ത് വർഷം മുമ്പ് വിട്ടുനൽകിയ ഒന്നരഏക്കർ സ്ഥലത്ത് 1,30,000 ചതുരശ്രയടിയിൽ അഞ്ച് നിലകളിലാണ് കോടതി കെട്ടിടം നിർമിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിന് 23 കോടിയാണ് എസ്റ്റിമേറ്റ് തുക. മുൻസിഫ്, മജിസ്‌ട്രേറ്റ്, സബ് കോടതികൾക്കും കുടുംബ കോടതിക്കുമാണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് കോടതികൾ കൂടി ഭാവിയിൽ പ്രവർത്തിക്കാൻ സൗകര്യമൊരക്കും. നൂറോളം കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെക്കാനിക്കൽ പാർക്കിംഗ് ഏരിയയും നാലായിരം ചതുരശ്രയടി വിസ്തീർണമുള്ള ബാർ അസോസിയേഷൻ ഹാളും ഉൾപ്പെടുന്നുണ്ട്. പുരുഷ, വനിതാ അഭിഭാഷകർക്കും ക്ലർക്കുമാർക്കും പ്രത്യേക വിശ്രമമുറികളും ഇതോടൊപ്പം കാന്റീനും ഉണ്ടാകും.
10,000 ചതുരശ്രയടി വിസ്തീർണമുളള ലൈബ്രറി സൗകര്യവും ഒരുക്കും. രണ്ട് വർഷത്തിനുള്ളിൽ സ്‌ട്രെക്ച്ചർ നിർമാണം പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം ഹെതർ കൺസ്ട്രക്ഷൻസ് കമ്പനിയാണ് ടെൻഡർ എടുത്തിട്ടുള്ളത്. എസ്റ്റിമേറ്റ് തുകയായ 23 കോടിയിൽ നിന്ന് പന്ത്രണ്ടര ശതമാനം തുക കുറച്ചാണ് ഈ കമ്പനി ടെൻഡർ ഏറ്റെടുത്തത്. സംസ്ഥാന സർക്കാരിന്റെ 1000 ദിവസത്തെ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഭരണാനുമതിയും പൊതുമരാമത്ത് മന്ത്രി മുൻകൈയെടുത്ത് സാങ്കേതികാനുമതിയും ലഭ്യമാക്കിയത്. ശിലാസ്ഥാപന ചടങ്ങിൽ മന്ത്രിമാരായ ജി.സുധാകരൻ, എ.കെ ബാലൻ, ആന്റോ ആന്റണി എം.പി, മുൻ മന്ത്രി മാത്യു ടി. തോമസ്, മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ഹൈക്കോടതി ജഡ്ജിമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഇതിന് മുന്നോടിയായി ബാർ അസോസിയേഷൻ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലിന് അസോസിയേഷൻ ഹാളിൽ സ്വാഗതസംഘം രൂപീകരിക്കും.