shop
പൊടിശല്യം കാരണം മാസ്ക്ക് ധരിച്ച് ജോലിയിൽ വ്യാപൃതരായ സെൻട്രൽ ജംഗ്ഷനിലെ വ്യാപാരികൾ

അടൂർ : ഒന്നരമാസമായി തുടരുന്ന ദുരിതമാണിത്, ആരും കടയിലേക്ക് വരാതായി. ഇതോടെ കച്ചവടം എഴുപത് ശതമാനം കുറഞ്ഞു. ഒപ്പം ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസകോശ സംബന്ധമായ അസുഖവും, കടയടച്ചിട്ടാൽ അന്നം മുട്ടുന്ന അവസ്ഥ ഒഴിവാക്കാനാണ് മാസ്ക്കും ധരിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നത്. കടയിലെ സാധനങ്ങളെല്ലാം പൊടികയറി ഉപയോഗശൂന്യവുമാകുന്നു.വ്യാപാരികളായ തങ്ങളുടെ ഇൗദുരിതത്തിന് എന്നറുതിയാകും?. കെ.പി റോഡിലെ പണി ഇഴഞ്ഞുനീങ്ങുന്നത് കാരണം ദുരിതം അനുഭവിക്കുന്ന സെൻട്രൽ ജംഗ്ഷനിലെ സെൻട്രൽ സൈക്കിൾ സ്റ്റോർ ഉടമ എസ്. വേണുഗോപാലിന്റെ വാക്കുകളാണിത്. ഇതേ അനുഭവമാണ് കെ. പി റോഡിൽ അടൂർ മുതൽ ഏഴംകുളം വരെയുള്ള വ്യാപാരികളുടേയും വീട്ടുകാരുടേയും.മാസ്ക്ക് ധരിച്ചാണ് വ്യാപാരികളും ജീവനക്കാരും കടകളിൽ കഴിയുന്നത്. പൊടിശല്യം കാരണം സാധനങ്ങൾ വാങ്ങാൻ ആരും എത്താത്തതോടെ കനത്ത വ്യാപാരനഷ്ടമാണ് ഒന്നരമാസത്തോളമായി നേരിടുന്നത്.ഒരുഭാഗത്ത് പഴയ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുള്ള മെല്ലെോക്ക്. ഇതു കാരണം റോഡിന്റെ പുനർനിർമാണം കഴിയാനാവാതെ നാട്ടുകാരുടെ പ്രതിഷേധവും തെറിവിളിയും കേട്ട് കഴിയുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥർ മറുഭാഗത്തും. പൈപ്പ് മാറ്റിയിട്ട് റോഡ് കൈമാറാതെ തങ്ങൾക്ക് എങ്ങനെ പണി ആരംഭിക്കാൻ കഴിയും.വാട്ടർ അതോററ്റി ഒഴിഞ്ഞു തന്നാൽ തൊട്ടടുത്ത ദിവസം പണി ആരംഭിക്കാൻ തങ്ങൾ തയാറാണെന്ന് പൊതുമരാമത്ത് അസി.എഞ്ചിനീയർ മുരുകേഷ് കുമാർ പറയുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പൈപ്പ്മാറ്റിയിടൽ ജോലികൾ പൂർത്തീകരിക്കാൻ കഴിയാതെ പോയ വാട്ടർ അതോററ്റി ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് ഇതിനെല്ലാം കാരണം. ഒപ്പം സെൻട്രൽ ജംഗ്ഷനിൽ അഴിക്കാൻ പറ്റാത്ത ഗതാഗത കുരുക്കും.

മാസ്ക്ക് ധരിച്ച് ഡ്രൈവർമാരെ കണ്ടാൽ ആരെങ്കിലും ഒാട്ടം വിളിക്കുമോ, പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും. അൻപതോളം ആട്ടോറിക്ഷകളുള്ള ഇവിടെ പകുതിപ്പേർ മാത്രമാണ് എത്തുന്നത്. അതിൽ തന്നെ പലർക്കും വിട്ടുമാറാത്ത പനിയും ചുമയുമാണ്.

റോയി.

(ആട്ടോറിക്ഷ ഡ്രൈവർ,

സെൻട്രൽ സ്റ്റാൻഡ്)

ഭീമാ ജംഗ്ഷൻ മുതൽ കോട്ടമുകൾ വരെ ഒന്നര കിലോമീറ്റർ ഭാഗം കഴിഞ്ഞ ദിവസം പൈപ്പ്മാറ്റിയിടൽ ജോലികൾ പൂർത്തിയാക്കി വാട്ടർ അതോററ്റി വിട്ടുതന്നു. ഇൗ ഭാഗത്തെ റോഡ് പുനരുദ്ധാരണം രണ്ട് ആഴ്ചകൊണ്ട് പൂർത്തീകരിക്കും.

മുരുകേഷ് കുമാർ,

(അസി.എഞ്ചിനീയർ,

പൊതുമരാമത്ത് റോഡ്സ് വിഭാഗം)