പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ നാമജപ പ്രതിഷേധ യാത്രയിൽ പങ്കെടുത്ത സർക്കാർ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തു. ജനുവരി മൂന്നിന് വളളിക്കോട് വി.കോട്ടയം ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത വളളിക്കേട് ഗവ. എൽ.പി.എസിലെ പി.കെ ഗായത്രി ദേവിയെയാണ് സസ്പെൻഡ് ചെയ്തത്. ഭക്തജന സംഗമത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ അദ്ധ്യാപിക പ്രതിഷേധ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി വളളിക്കോട് സ്വദേശി കൃഷ്ണശേഖർ നൽകിയ പരാതിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നടപടിയെടുത്തത്. ഗായത്രിദേവിയുടെ പ്രവൃത്തി അച്ചടക്ക ലംഘനവും സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.