babu
ബാബു

ചെങ്ങന്നൂർ: കോളേജ് വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു വിൽപ്പന നടത്തുന്നയാൾ റിമാൻഡിൽ. തിരുവനന്തപുരം തിരുവല്ലം കടുവാക്കരക്കുന്ന് റോഡരികിൽ വീട്ടിൽ ബാബു (48) ആണ് റിമാൻഡിലായത്.ചെങ്ങന്നൂർ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം. മോഷണശ്രമത്തിനിടെ വിദ്യാർത്ഥികൾ മുറിയിൽ പൂട്ടിയിട്ടാണ് ഇയാളെ കുടുക്കിയത്. പന്തളത്ത് താമസിക്കുന്ന ബംഗാൾ സ്വദേശിക്ക് വിറ്റ മൊബൈലും കണ്ടെടുത്തു.

പൊലീസ് പറയുന്നത്: ആൾത്തിരക്കുള്ള സ്ഥലത്ത് മോഷണം നടത്താൻ വിരുതനാണ് ഇയാൾ. ഒരേ സ്ഥലത്ത് ഏറെ നാൾ താമസിക്കാറില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാൾ ചെങ്ങന്നൂരിൽ ഉണ്ട്. .

പലതവണ മൊബൈൽ മോഷണം പോയതോടെ വിദ്യാർത്ഥികൾ പരിസരപ്രദേശങ്ങളിലെ കാമറ പരിശോധിച്ച് പ്രതിയെ മനസിലാക്കിയിരുന്നു. വ്യാഴാഴ്ച വീണ്ടും മോഷണത്തിനായി എത്തിയപ്പോൾ വിദ്യാർത്ഥികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വലിയ വിലയുള്ള ആറ് മൊബൈൽ ഫോണുകൾ മോഷണം പോയിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിലകൂടിയ നാല് മൊബൈലുകൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.