ചെന്നീർക്കര: കൃഷിയിലെ കൈപ്പുണ്യം അത് വേറൊന്നു തന്നെയാണ്. ഇതിന് ഉത്തമ തെളിവാണ് ചെന്നീർക്കര പഞ്ചായത്തിലെ പണ്ണിക്കുഴി സ്വദേശികളായ വി.വി ജയരാജനും കൊച്ചു വാവ എന്ന് വിളിക്കുന്ന വി.ആർ ജ്യോതിയും. 2018-19 ലെ മികച്ച കർഷകരായി ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും ഇവർ തെരഞ്ഞെടുക്കപ്പെട്ടു. 70ാം വയസിലും ചുറുചുറുക്കോടെ കൃഷി രീതിയിൽ വ്യത്യസ്ഥത പുലർത്തുകയാണ് വട്ടക്കൂട്ടത്തിൽ വീട്ടിൽ വി.ജയരാജൻ. അമ്മാവന്റെ അതെ പാത പിൻതുടരുന്നു അനന്തരവൻ പട്ടിത്തറവീട്ടിൽ വി.ആർ ജ്യോതി. സ്വന്തം കൃഷിയിടത്തിൽ പൂർണമായും ജൈവ വളമുപയോഗിച്ചുള്ള കൃഷിയാണ് ഇവർ നടത്തുന്നത്. ചേന,ചേമ്പ്, കാച്ചിൽ, കപ്പ, പടവലം, പയർ. മത്തങ്ങ,മഞ്ഞൾ, വാഴ എന്നിങ്ങനെ വിവിധ കൃഷികളുമുണ്ട് രണ്ട് പേർക്കും. കൂടാതെ 25 സെന്റ് സ്ഥലത്ത് നെൽക്കൃഷിയും. വീട്ട് ആവശ്യത്തിനായി കൃഷി ചെയ്യുന്ന നെല്ലാണ് ഇവർ ഉപയോഗിക്കുന്നത്. ചെന്നീർക്കര ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ മികച്ച കർഷകരിൽ ഒരാളായി വി.ജയരാജനെയും പഞ്ചായത്ത് തലത്തിലെ മികച്ച കർഷകനായി കൊച്ചുവാവയേയും തെരഞ്ഞെടുക്കുകയായിരുന്നു. വിലാസിനിയാണ് ജയരാജന്റെ ഭാര്യ. ദീപ്തിയാണ് കൊച്ചുവാവയുടെ ഭാര്യ. മക്കൾ അശ്വതി, അശ്വനി, ഐശ്വര്യ.
1. പഞ്ചായത്തിലെ 13ാം വാർഡ് മെമ്പർ ടി.ടി ജോൺസണിൽനിന്ന് കൊച്ചുവാവ ഉപഹാരങ്ങൾ ഏറ്റു വാങ്ങുന്നു
2. കൃഷിയിൽ മികവ് തെളിയിച്ച വി.വി ജയരാജന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് ഉപഹാരങ്ങൾ നൽകുന്നു