റാന്നി : വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി വെച്ചൂച്ചിറ ചരുവിൽ വീട്ടിൽ ലാൽ രാജ് (26) പൊലീസിൽ കീഴടങ്ങി. കേസിലെ മറ്റ് പ്രതികളായ വെച്ചൂച്ചിറ കുളമാങ്കുഴി വീട്ടിൽ റോഷൻ തോമസ്(23), കക്കുടമൺ കുളത്തുങ്കൽ വീട്ടിൽ രജീഷ് (27) , മണ്ണടി ചേന്നംപാറവീട്ടിൽ ജോബിൻ (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയാണ് ലാൽരാജ്. പെൺകുട്ടികളെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയ അമലിനെ പിടികൂടാനുണ്ട്.
ഹൈസ്കൂൾ വിദ്യാർത്ഥിനിയായ ഒരു കുട്ടിയോട് മൊബൈൽ ഫോണിൽ സൗഹൃദം സ്ഥാപിച്ച് ഒരു വീടിന്റെ ടെറസിലും ആളൊഴിഞ്ഞ കെട്ടിടത്തിലും കൊണ്ടുപോയി ഒന്നര മാസത്തിനുള്ളിൽ പലതവണ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീന്നീട് ഇൗ കുട്ടിയുടെ ബന്ധുവായ മറ്റൊരു കുട്ടിയെയും സമാനമായ രീതിയിൽ പീഡനത്തിനിരയാക്കി. വൈദ്യപരിശോധനയിൽ കുട്ടികൾ പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. ഒരു കുട്ടി പതിവായി സ്കൂളിൽ എത്തുന്നില്ലെന്ന് അദ്ധ്യാപകർ ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ വകുപ്പനുസരിച്ചാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.