കോന്നി : അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രാജസ്ഥാൻ സ്വദേശി രാം സിംഗിന്റെ മൃതദേഹം കണ്ടെത്തി. ഐരവൺ പുതിയകാവ് കടവിന് നൂറുമീറ്റർ അകലെ വള്ളിപ്പടർപ്പിൽ കുരുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു മൃതദേഹം. രാജസ്ഥാൻ സ്വദേശിയായ സുഹൃത്ത് വിശാലിന്റെ ഭാര്യാ പിതാവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ രാംസിംഗ് ഞായറാഴ്ച വൈകിട്ടാണ് ഐരവൺ പുതിയകാവ് ക്ഷേത്രത്തിന് എതിർവശത്തുള്ള കടവിൽ കുളിക്കുമ്പോൾ ഒഴുക്കിൽപ്പെട്ടത്. കോന്നി, പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റുകൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോന്നി സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ലോപ്പസ്, എൽ.ആർ സേതുനാഥപിള്ള, ഫയർമാൻമാരായ സുധീഷ് കുമാർ, എ.ആർ.ജിതിൻ, അനീഷ്, മുരളീധരൻ, സിനൂപ് സാം, പി. മനോജ്, പത്തനംതിട്ടയിലെ ഫയർമാൻമാരായ രഞ്ജി രവി, കെ.ആർ. അജി, ആർ.ആർ. ശരത് എന്നിവർ നേതൃത്വം നൽകി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം രാജസ്ഥാനിൽ നിന്ന് എത്തുന്ന ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.