manimala
നീരൊഴുക്ക് നിലച്ച മണിമലയാർ. കുളത്തൂർമൂഴി പാലത്തിൽ നിന്നുള്ള ദൃശ്യം നീരൊഴുക്ക് നിലച്ച പമ്പാ നദി. ചെറുകോൽപ്പുഴയിൽ നിന്ന്.

പത്തനംതിട്ട: നദികളിൽ നീരൊഴുക്ക് നിലച്ചുതുടങ്ങി. പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ നദികൾ എവിടെയെങ്കിലും ഇടമുറിയുമോയെന്ന ആശങ്കയിലാണ്. പ്രഭവകേന്ദ്രങ്ങൾ വറ്റിവരണ്ട നദികളിലൂടെ നീരൊഴുക്ക് നിലച്ചു. പല ഭാഗങ്ങളിലും നീർച്ചാലുകൾ മാത്രം. പ്രളയത്തിന് ശേഷം വരൾച്ചയുടെ രൂക്ഷത ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് ജില്ലയുടെ നദികളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോഴാണ്. അച്ചൻകോവിൽ തൂവൽമലനിരകളിൽ നിന്നുത്ഭവിക്കുന്ന അച്ചൻകോവിലാറിന്റെ പ്രഭവകേന്ദ്രം മാസങ്ങൾക്കു മുമ്പേ വറ്റിവരണ്ടതാണ്. കാട്ടുചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതായതോടെ അച്ചൻകോവിൽ ഭാഗത്ത് നദി നീർച്ചാലുകൾ മാത്രമാണ്. തൂവൽമലയുടെ മറുഭാഗത്തേക്കുള്ള തമിഴ്‌നാട്ടിലേക്കുള്ള ചോലകളും വരണ്ടു.
മണിമലയാറിന്റെ സ്ഥിതിയും ദയനീയമാണ്. ഉത്ഭവകേന്ദ്രങ്ങളിൽ നീരൊഴുക്ക് നിലച്ച നദിയിൽ കെട്ടിനിൽക്കുന്ന ജലം മാത്രമാണ് നീരുറവയായി ഒഴുകുന്നത്. പാറക്കൂട്ടങ്ങൾ തെളിഞ്ഞുനിൽക്കുകയാണ്.
പമ്പാനദിയിൽ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. 1995 മുതൽ നദിയിൽ നീരൊഴുക്കില്ലാത്ത ദിനങ്ങളുടെ എണ്ണം ഓരോവർഷവും കൂടിവരികയാണ്. 2000ൽ 78 ദിവസം മാത്രമായിരുന്നു നീരൊഴുക്ക് നിലച്ചിരുന്നതെങ്കിൽ 2011 എത്തിയപ്പോഴേക്കും അത് 102 ദിവസങ്ങളിലെത്തി. പ്രളയത്തിന് ശേഷം നദിയുടെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു.
2009ൽ 176 ദിവസവും നീരൊഴുക്ക് ഉണ്ടായിരുന്നതേയില്ല. 2016-17ൽ എത്തിയപ്പോഴേക്കും സ്ഥിതി രൂക്ഷമാകുകയായിരുന്നു. മഴയുടെ അളവു കൂടി കുറഞ്ഞതോടെ പമ്പയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു.
പോഷകതോടുകൾ വറ്റിവരണ്ടതും പലതും അപ്രത്യക്ഷമായതുമാണ് പമ്പ നേരിടുന്ന ഏറ്റവും വലിയ ജലപ്രതിസന്ധി. കിഴക്കൻ മേഖലയിൽ പലയിടത്തും നദി ഇടമുറിയുമോയെന്ന് ആശങ്കയുണ്ട്. ജലസംഭരണികളിൽ നിന്നുള്ള വെള്ളം ഇടയ്‌ക്കൊക്കെ ഒഴുകിവരുന്നതു മാത്രമാണ് നദിയുടെ ജലസമ്പത്ത്. ജനത്തെ ഭീതിയിലാഴ്ത്തിയ പ്രളയം ജില്ലയിൽ കനത്ത നാശം ഉണ്ടാക്കിയതാണ്. പമ്പ്, അച്ചൻകോവിൽ, മണിമലയാർ തുടങ്ങിയവ കര കവിഞ്ഞൊഴുകി. എന്നാൽ ഇപ്പോൾ ഈ നദികളുടെ കിടപ്പ് കണ്ടാൻ പ്രളത്തിൽ കര കവിഞ്ഞ നദികളാണോയെന്ന് സംശയം തോന്നിയേക്കാം.