araatt-ghoshyathra-

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഇന്നലെ ഉച്ചയ്ക്ക് നടന്ന ആറാട്ട് സദ്യ വെൺപാല കളത്തിപ്പറമ്പിൽ കെ.പി വിജയൻ ഉദ്ഘാടനം ചെയ്തു. പത്തുനാളിലെ ഉത്സവം കൊടിയിറക്കിയശേഷം ഇന്നലെ വൈകിട്ട് നടന്ന ആറാട്ട്‌ ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു. ഗജവീരൻ ഓമല്ലൂർ മണികണ്ഠനാണ് ശ്രീവല്ലഭ സ്വാമിയുടെ തിടമ്പേറ്റിയത്. സുദർശന മൂർത്തിയുടെ തിടമ്പേറ്റിയത് ഗജരാജൻ ചൂരൂർമഠം രാജശേഖരനാണ്. കളമാക്കിൽ ജയകൃഷ്ണൻ, വഴിവാടി ശ്രീകണ്ഠൻ എന്നീ കരിവീരന്മാരും ഘോഷയാത്രയ്ക്ക് അകമ്പടിയേകി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര തുകലശേരി കരയിലെത്തിയത്. ഇവിടെ മുറിയാപാലത്തിന് സമീപം മഹാദേവക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച വരവേൽപ്പ് നൽകി. തുടർന്ന് മഹാദേവക്ഷേത്രത്തിലെത്തിയ ശ്രീവല്ലഭ സ്വാമിയെയും സുദർശന മൂർത്തിയെയും പ്രത്യേകം തയ്യാറാക്കിയ പീഠങ്ങളിലേക്ക് ആനയിച്ചു. ക്ഷേത്രത്തിൽ നടന്ന പൂജകൾക്ക്ശേഷം ആറാട്ടിനായി കടവിലേക്ക് പുറപ്പെട്ടു. ക്ഷേത്രകടവിലെ ശുദ്ധിക്രിയകൾക്ക് ശേഷം മുങ്ങിനിവർന്ന് ഇരുമൂർത്തികളും മഞ്ഞൾ അഭിഷിക്തരായി. തുടർന്ന് പൂജയുടെ സ്‌നാനഘട്ടത്തിൽ ശ്രീവല്ലഭസ്വാമിയും സുദർശനമൂർത്തിയും ദർശനപുണ്യം പകർന്ന് ആറാടി. ഗോവിന്ദൻകുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തിയ ആറാട്ട് വരവിന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. മതിൽഭാഗം ഓട്ടോറിക്ഷ തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ സേവാപന്തൽ വരെ ഇരുവശങ്ങളിലും ദീപങ്ങൾ തെളിച്ച് സ്വീകരണം ഒരുക്കി. അലങ്കാര ഗോപുരത്തിന് മുമ്പിലെത്തിയ ശ്രീവല്ലഭേശനും സുദർശനമൂർത്തിയും ഭക്തരുടെ നിറപറകൾ സ്വീകരിച്ചു. ആറാട്ടുവരവ് ഘോഷയാത്രയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പിന്നീട് ക്ഷേത്രത്തിലെത്തിയ ഭഗവാന്മാർക്ക് തിരുമുമ്പിൽ വേലയും വലിയകാണിക്കയും സമർപ്പിച്ചതോടെ ഉത്സവത്തിന് സമാപനമായി.