kafe

തിരുവല്ല: എണ്ണയിൽ പൊരിച്ചത് ഒഴിവാക്കി ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളുമായി ഇരവിപേരൂരിൽ കുടുംബശ്രീ പുതിയ സംരംഭത്തിന് തുടക്കംകുറിച്ചു. ടി.കെ.റോഡിന് അഭിമുഖമായി ഇരവിപേരൂർ പോസ്റ്റ് ഓഫീസിനു സമീപമാണ് ആവി കഫെ ആരംഭിച്ചത്. ഇരവിപേരൂർ പഞ്ചായത്തിൽ നിന്ന് പരിശീലനം നേടിയ കുടുംബശ്രീയിലെ അഞ്ചുപേരുടെ സംഘമാണ് കഫേയ്ക്ക് നേതൃത്വം നൽകുന്നത്. ജംഗ്ഷന് സമീപം ഉണ്ടായിരുന്ന കുട്ടികളുടെ പാർക്ക് നവീകരിച്ച് അവിടെയുള്ള ബഞ്ചുകളിലും കഫേയിലെ ഭക്ഷണം ലഭ്യമാണ്. മുൻകൂട്ടി അറിയിച്ചാൽ വീടുകളിൽ നടക്കുന്ന ചടങ്ങുകളിലും ഭക്ഷണം എത്തിച്ചുകൊടുക്കാൻ കഫെ സജ്ജമാക്കിയിട്ടുണ്ട്. തിരുവല്ല - കോഴഞ്ചേരി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ സൗകാര്യാർത്ഥം വൈ ഫൈ, ശൗചാലയ സൗകര്യം എന്നിവയും കഫെയുടെ കോമ്പൗണ്ടിൽ ലഭ്യമാണ്. സോളാർ പാനൽ ഉപയോഗിച്ചാണ് വൈദ്യുതി ക്രമീകരിച്ചിട്ടുള്ളത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കിയും ഹരിതനയം പിൻതുടർന്നുമാണ് കഫെയുടെ പ്രവർത്തനം. കുടുംബശ്രീയുടെ ജില്ലാ മിഷനും പഞ്ചായത്തും ചേർന്നാണ് ഗ്രൂപ്പിനെ സജ്ജമാക്കി കഫെയുടെ പ്രവർത്തനം സാദ്ധ്യമാക്കിയത്. കുറെ നാളായി കാടുപിടിച്ചു കിടന്നിരുന്ന കുട്ടികളുടെ പാർക്ക് ഉപയോഗപ്പെടുത്തി കഫെ സജ്ജമാക്കിയത് കൂടുതൽ ആകർഷകമായി.