പത്തനംതിട്ട : സിമന്റ് വിലവർദ്ധനയിൽ പ്രതിഷേധിച്ച് നിർമ്മാണ മേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 50ൽ പരം സംഘടനകൾ ഇന്ന് രാവിലെ 10.30ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കൺവീനർ കുര്യൻ ഫിലിപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 80 രൂപ മാത്രം ഉത്പാദന ചെലവുള്ള 50 കിലോ സിമന്റ് കോർപ്പറേറ്റുകൾക്ക് 150 രൂപയിൽ താഴെ വിലയ്ക്ക് നൽകുമ്പോൾ ചെറുകിട സംരംഭകർക്കും പൊതു ജനങ്ങൾക്കും 450 രൂപ വില നൽകേണ്ടി വരുന്നു. ഈ വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ജി.എസ്.ടി നടപ്പാക്കുന്നതുവരെ 31 ശതമാനം നികുതിയാണ് സിമന്റിന് ഉണ്ടായിരുന്നത്. ജി.എസ്.ടിയിൽ നികുതി 28 ശതമാനമായി കുറച്ചു എന്നിട്ടും സിമന്റ് വില വർദ്ധിക്കുകയാണ്. തമിഴ് നാട് 190 രൂപയ്ക്ക് അമ്മ സിമന്റ് വിതരണം ചെയ്യുന്നതുപോലെ കേരള സർക്കാരും വിപണിയിൽ ഇടപെടണം. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യേണ്ടത്. 27ന് സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും ജില്ലയിൽ നിന്ന് 1500 പേർ പങ്കെടുക്കും. അന്ന് ജില്ലയിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കും. ഇന്ന് നടത്തുന്ന മാർച്ചും ധർണയും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനംചെയ്യും. കുര്യൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കെ.ജി.സി.എ സംസ്ഥാന സെക്രട്ടറി തോമസ് കുട്ടി, തേവർമുറിയിൽ, പി.ബി.സി.എ ജില്ലാ പ്രസിഡന്റ് ജ്യോതി ശ്രീനിവാസ്, നന്ദകുമാർ വർമ്മ, ജോൺ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും. തോമസ് കുട്ടി തേവർ മുറിയിൽ, അനിൽ ഉഴത്തിൽ, നന്ദകുമാർ വർമ്മ, ജോൺ ഫിലിപ്പ്, ഏബ്രഹാം പരുവാനിക്കൽ, ബാബു പറയത്തുകാട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.