ചെങ്ങന്നൂർ: പെട്രോൾ പമ്പ് ജീവനക്കാരനായ വിദ്യാർത്ഥിയെ ബൈക്കിലെത്തിയ സംഘം അസഭ്യം പറഞ്ഞശേഷം ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കോന്നി കിഴവളളൂർ പതാലിൽ വിഷ്ണു (19)വിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
18ന് രാത്രി 7.30ന് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശമുളള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ യുണൈറ്റഡ് ട്രേഡിംഗ് കമ്പനിയുടെ പെട്രോൾ പമ്പിലാണ് സംഭവം. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയതിനെ തുടർന്ന് തനിച്ചായ വിഷ്ണു പെട്രോൾ പമ്പിൽ ജോലിനോക്കിയാണ് ഉപരി പഠനത്തിനുളള സാമ്പത്തികം കണ്ടെത്തുന്നത്. പത്തനംതിട്ട അലക്‌സ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആട്ടോമൊബൈൽ എൻജിനിയറിംഗിന് വിദ്യാർത്ഥിയാണ്. പമ്പിനോട് ചേർന്നുളള മുറിയിലാണ് താമസം.
സംഘത്തിലെ മൂന്നുപേരാണ് വിഷ്ണുവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ വിഷ്ണുവിന്റെ വായമുറിഞ്ഞ് ചോരവന്നു. പുറത്തും തലയിലും അടികൊണ്ട് ചതഞ്ഞ പാടുകളുമുണ്ട്. പമ്പിലെ സി.സി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് നടപടിയെടുത്തത്.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഒാൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് ജില്ലാ പ്രസിഡന്റ് കെ. അശോകപണിക്കർ ആവശ്യപ്പെട്ടു. പെട്രോൾ പമ്പുകളിലെ ജീവനക്കാർക്ക് സുരക്ഷിതമായി ജോലിനോക്കാനുളള സാഹചര്യം ഒരുക്കണം. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു