ചെങ്ങന്നൂർ: റെയിൽ ലൈന് സമീപമുള്ള ഉണങ്ങിയ പുല്ലിന് തീപിടിച്ചതോടെ ട്രെയിൻ ഗതാഗതം 10 മിനിട്ട് തടസപ്പെട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് വടക്ക് പുത്തൽ വീട്ടിൽപടി ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് തീ പടർന്നത്. ഇരു പാളങ്ങൾക്കും ഇടയിലുള്ള സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾക്കാണ് തീപിടിച്ചത്. തീ പടരാതിരിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ അതുവഴി കടന്നു വരേണ്ട പരശുറാം എക്സ് പ്രെസ് മുണ്ടൻ കാവ് ഭാഗത്ത് പിടിച്ചിട്ടു. തുടർന്ന് ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ നിന്ന് അഗ്‌നിശമന സേന എത്തി തീയണച്ച ശേഷമാണ് ട്രെയിൻ കടന്നു പോയത്.