റാന്നി: റാന്നി പെരുനാട് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി തുടങ്ങി. . സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയിൽ സ്ഥലം വിട്ടുനൽകുന്നതിനുള്ള സാക്ഷ്യപത്രം മന്ത്രി കെ രാജു ജില്ലാ പൊലീസ് മേധാവി ടി. നാരായണന് കൈമാറി.
രണ്ട് പതിറ്റാണ്ട് പാരമ്പര്യമുള്ള പെരുനാട് പോലീസ് സ്റ്റേഷൻ താത്കാലിക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. കെട്ടിടം നിർമ്മിക്കാൻ റവന്യൂവകുപ്പ് 50 സെന്റ് സ്ഥലമാണ് വിട്ടുനൽകുന്നത്. അനുമതി സർക്കാരിൽ നിന്ന് ലഭിക്കുന്നതനുസരിച്ച് നിർമ്മാണം ആരംഭിക്കും. കെ.പി.എച്ച്.സി.സിക്കാണ് നിർമ്മാണചുമതല. ശബരിമല തീർത്ഥാടനത്തിന്റെ പ്രാധാന്യം മനസിലാക്കി കൂടുതൽ സൗകര്യങ്ങളോടു കൂടിയാണ് പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. അധികം പൊലീസ് സേനയെ വിന്യസിക്കുന്ന അവസരത്തിൽ ഇവർക്ക് ആവശ്യമായ താമസസൗകര്യം കൂടി ഉൾപ്പെടുത്തിയാകും കെട്ടിടം നിർമ്മിക്കുന്നത്. വടശേരിക്കര പമ്പ റോഡിൽ കൂനങ്കരയിലാണ് റവന്യൂവകുപ്പ് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഒരു സിഐ, രണ്ട് എസ്‌ഐ, ഒരു എഎസ്‌ഐ അടക്കം 30 ഉദ്യോഗസ്ഥരാണ് പെരുനാട് പൊലീസ് സ്റ്റേഷനിലുള്ളത്. നാറാണമൂഴി, വടശേരിക്കര, പെരുനാട്, അത്തിക്കയം, മണിയാട്, ളാഹ പ്രദേശങ്ങളാണ് സ്റ്റേഷന്റെ പരിധിയിൽ വരുന്നത്.