maths-
ഗണിതവിജയം പദ്ധതിയുടെ ഭാഗമായി കുട്ടികൾ പരിശീലിക്കുന്നു

തിരുവല്ല: ഭയരഹിതമായ അന്തരീക്ഷത്തിൽ കുട്ടികൾ പഠനോപകരണങ്ങളുടെ സഹായത്തോടെ ഗണിതശേഷികളുടെ വിവിധ സാദ്ധ്യതകൾ പരിചയപ്പെടുന്ന ഗണിതവിജയം പരിപാടിക്ക് ജില്ലയിൽ തുടക്കമായി. സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അടൂർ ബി.ആർ.സിയിലെ നാലു യു.പി സ്‌കൂളുകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. യു.പി ക്ലാസിലെ കുട്ടികളുടെ അടിസ്ഥാന ഗണിതശേഷി ഉറപ്പാക്കുകയാണ് ലക്ഷ്യം. കെ.വി.യു.പി.എസ് പഴകുളം, ജി.യു.പി.എസ് അടൂർ, ഗവ.യു.പി.എസ് ഏനാത്ത്, എസ്.ആർ.വി.യു.പി.എസ് ഐക്കാട് സ്‌കൂളുകളിലാണ് പരിപാടി നടക്കുന്നത്. സംഖ്യാബോധം, വ്യാഖ്യാനം, സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നീ ഗണിതശേഷികൾ പന്ത്രണ്ടു ദിവസത്തെ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഉറപ്പുവരുത്തുന്നു. ഓരോ ശേഷികളും നേടുമ്പോൾ പ്രത്യേക പ്രോത്സാഹനവും അംഗീകാരവും നൽകി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന സമീപനരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത സ്‌കൂളുകൾക്ക് ഗണിത പഠനോപകരണങ്ങൾ നിർമ്മിക്കാൻ 5000 രൂപവീതം അനുവദിച്ചിട്ടുണ്ട്. അടുത്ത അക്കാദമിക വർഷം ഈ പദ്ധതിയിലൂടെ ജില്ലയിലെ മുഴുവൻ യു.പി സ്‌കൂളുകളിലേക്കും പഠനോപകരണങ്ങൾ നിർമ്മിച്ചു നൽകുകയും പദ്ധതി വ്യാപിപ്പിക്കുകയും ചെയ്യും.