അടൂർ : ആക്രമണങ്ങളെ ആക്രമണം കൊണ്ട് നേരിടുന്ന ശൈലി ഇടതുപക്ഷ പ്രവർത്തകർക്ക് ഇനി വേണ്ടെന്നും വീടും, പാർട്ടി ഒാഫീസുകളും ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവർ അതിലൂടെ ഉണ്ടാകുന്ന നഷ്ടം കെട്ടിവച്ചിട്ടുപോയാൽ മതിയെന്നും സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരള സംരക്ഷണ യാത്രയ്‌ക്ക് അടൂരിൽ സ്വീകരണം നൽകിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

"നമ്മൾ ആരെയെങ്കിലും മാന്തിയാൽ അവിടെ അരക്ഷിതാവസ്ഥ എന്ന് മാദ്ധ്യമങ്ങൾ ചിത്രീകരിക്കും. നമ്മുടെ സഖാക്കളെ കൊന്നാൽ മിണ്ടില്ല. കൊല്ലം പവിത്രേശ്വരത്ത് ഡിസംബറിൽ സഖാവിനെ കൊലപ്പെടുത്തിയപ്പോൾ ഒരു ചർച്ചയും ചാനലുകളിൽ കണ്ടില്ല. കഴിഞ്ഞ ദിവസം കാസർകോട് രണ്ട് കോൺഗ്രസ് യുവാക്കൾ മരിച്ചപ്പോൾ അവിടെ അരക്ഷിതാവസ്ഥ എന്ന് ചിത്രീകരിച്ചു. കൊലപാതകം എവിടെയും പാടില്ല. കൊലപാതക രാഷ്ട്രീയം നാം അംഗീകരിക്കുന്നുമില്ല. അതിനാൽ എവിടെയും സമാധാനമായിരിക്കണം നമ്മുടെ ലക്ഷ്യം. ഇക്കാര്യത്തിൽ ശക്തമായ നിയമനിർമ്മാണമാണ് ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നിട്ടുള്ളത്. ആക്രമണത്തിലൂടെ ഉണ്ടാകുന്ന നഷ്ടം പ്രതികളിൽ നിന്ന് വാങ്ങുന്ന നിയമം നടപ്പിലായത് ഇടതുപക്ഷ പ്രവർത്തകർക്ക് പ്രത്യേകം ഒാർമ്മ വേണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പുനർ വിദ്യാഭ്യാസമാണ് ഇനി വേണ്ടത് " - കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.