പത്തനംതിട്ട : എല്ലാ കേസും സി.ബി.ഐക്ക് വിട്ടാൽ കേരള പൊലീസിനെ പിരിച്ചുവിടുന്നതല്ലേ നല്ലതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണയാത്രയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന മരിച്ച കൃപേഷിന്റെ അച്ഛന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.
പൊലീസ് കേസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. ഓരോ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോടു പറയാറില്ല. പ്രതിയായ പീതാംബരൻ കൃത്യം നടത്തിയത് പാർട്ടി പറഞ്ഞിട്ടല്ലെന്നു വ്യക്തമാക്കിയതാണ്. പീതാംബരന്റെ കുടുംബക്കാർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനില്ല. കൊല്ലപ്പെട്ടവരുടെ വീടുകൾ റവന്യൂമന്ത്രി സന്ദർശിച്ചത് സർക്കാരിന്റെ പ്രതിനിധിയായിട്ടാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ സ്ഥലത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനായി രാഷ്ട്രീയം നോക്കാതെ വീടുകൾ സന്ദർശിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ്
നിലപാട് പ്രതിഫലിക്കില്ല
ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് കോടിയേരി പറഞ്ഞു. എൻ.എസ്.എസുമായി ശത്രുതാ മനോഭാവമില്ലാത്തതിനാലാണ് ചർച്ചയ്‌ക്ക് തയാറാണെന്നു പറഞ്ഞത്. അതു ദൗർബല്യമായി കാണേണ്ട. താൻ കേരള സംരക്ഷണയാത്രയിലായതിനാൽ ചർച്ചയുടെ സമയമല്ല. സുപ്രീംകോടതി വിധിയാണ് ശബരിമലയിൽ സർക്കാർ നടപ്പിലാക്കിയത്. സർക്കാരുമായി ചർച്ചയ്‌ക്ക് എൻ.എസ്.എസ് തയ്യാറായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.