അടൂർ : മകനോടൊപ്പം സ്കൂട്ടറിൽ പള്ളിയിലേക്ക് പോയ വീട്ടമ്മ കെ. എസ്. ആർ. ടി. സി ബസിനടിയിൽപ്പെട്ട് മരിച്ചു. കൊല്ലം പെരിനാട് വെള്ളിമൺ ലിനി കോട്ടേജിൽ ലോറൻസിന്റെ ഭാര്യ ലില്ലി ലോറൻസ് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ന് അടൂർ - പത്തനാപുരം സംസ്ഥാനപാതയിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരുതിമൂട് പള്ളിയിലെ വ്യാഴാഴ്ച കുർബാനയ്ക്ക് പോയതാണ് ഇരുവരും. പൈപ്പിട്ട് മൂടിയ മൺകൂനയിൽ കയറിയിറങ്ങവേ നിയന്ത്രണം പാളിയ സ്‌കൂട്ടറിൽ ഇടതുവശത്തുകൂടി പോയ ബസിന്റെ പിൻഭാഗം തട്ടിയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ലില്ലിയുടെ മീതേ ബസിന്റെ പിൻചക്രം കയറിയിറങ്ങി . മകൻ ബിജു ലോറൻസ് എതിർവശത്തേക്ക് വീണതിനാൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

റോഡിന്റെ ശോച്യാവസ്ഥയാണ് അപകട കാരണമെന്ന് ആരോപിച്ച് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ. പി റോഡ് ഉപരോധിച്ചു. മകൾ: ലിനി. മരുമകൻ: ലിജു.