പന്തളം: ഉളനാട് വള്ളിച്ചിറ പാടശേഖരത്തിലെ കൊയ്ത്തുത്സവം ആവേശമായി. കുളനട ഗ്രാമ പഞ്ചായത്തിലെ ഉളനാട്, തുമ്പമൺ താഴം വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 15 ഹെക്ടർ പാടശേഖരത്തിലായിരുന്നു നെൽകൃഷി. കൊയ്ത്ത് കാണാൻ സമീപമുള്ള സ്‌കൂളുകളിലെ കുട്ടികളും അദ്ധ്യാപകരുമടക്കം നിരവധി പേർ എത്തിയിരുന്നു. തരിശായി കിടന്ന പാടത്ത് കർഷകരും ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വാേളണ്ടീയർമാരും ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി അംഗങ്ങളും പാടശേഖര സമിതിയും സംയുക്തമായാണ് ആർ.കെ.വി.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിചെയ്തത്. സ്വന്തം നിലത്തിലും പാട്ടത്തിനെടുത്തും കൃഷി ചെയ്തവരുണ്ട്. തരിശുനിലങ്ങൾ കൃഷി ചെയ്യുന്നതിനു സർക്കാർ ഏക്കറിനു മുപ്പതിനായിരം രൂപ വീതം നൽകി. ഇതിനു പുറമേ ഉമ ഇനത്തിൽപ്പെട്ട വിത്ത് സൗജന്യമായും പൂട്ടുക്കൂലിയും നൽകി. കൃഷിക്ക് തൊഴിലുറപ്പു തൊഴിലാളികളുടെ സഹായവും ലഭിച്ചു. പത്തു വർഷത്തിലേറെയായി തരിശായി കിടന്ന കുളനട ഓമല്ലൂർ റോഡരികിലുള്ള ഈ പാടശേഖരത്തിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതു പതിവായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ പോൾ രാജൻ, ശ്രീലതാ മോഹൻ എന്നിവർ മുൻകൈ എടുത്തതാണ് കൃഷിക്ക് നടപടി സ്വീകരിച്ചത്. . കൊയ്ത്തുത്സവം കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.എം. ശോശാമ്മ, അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ എ.ഡി. ഷീല, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ശ്യാമളാകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പോൾ രാജൻ, ശ്രീലതാ മോഹൻ, കൃഷി ഓഫീസർ നസീറാ ബീഗം, ഫാ. ബിജു മാത്യു, പാടശേഖര സമിതി പ്രസിഡന്റ് പി.കെ. മാത്യു, സെക്രട്ടറി ടി.വി. സൈമൺ, പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ, രാജു പി. ജോർജ്ജ്, എം.എസ്. ചെറിയാൻ, ആശാ കെ. കുട്ടൻ, പി.എസ്. താര, സ്മിത എസ്, കെ.ബി. മനോജ് എന്നിവർ സംസാരിച്ചു.