ചെങ്ങന്നൂർ: കൊടും വേനലിലും ജലക്ഷാമമില്ലാതെ കൃഷി ചെയ്യാൻ കഴിയുക എന്ന കർഷകന്റെ മോഹങ്ങളെ സാക്ഷാത്കരിക്കാൻ തുടക്കമിട്ട പമ്പാ ജലസേചന പദ്ധതി (പി.ഐ.പി) വരണ്ടുണങ്ങി. ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറന്തള്ളുന്ന ആയിരക്കണക്കിന് ക്യുസെക്‌സ് വെള്ളം കുടിവെളള ക്ഷാമത്തിനും കൃഷിക്കും ഉപയോഗപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 1964ൽ 3.84 കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതി 1993ൽ പൂർത്തിയായപ്പോൾ 19 കോടി കവിഞ്ഞു.
ഭൂമി ഏറ്റെടുക്കാൻ നൽകിയ കോടികൾ വേറെയും. വർഷം തോറും അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ വേറെയും തുക പാഴാകുന്നു. കനാലിന്റെ വരവോടെ ചെറുകിട പദ്ധതികളും പരമ്പരാഗത പദ്ധതികളും ഇല്ലാതായി. ചെങ്ങന്നൂരിലും പരിസരങ്ങളിലും 38 പദ്ധതികളാണ് വിസ്മൃതിയിലായത്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും നിറുത്തലാക്കി. പമ്പ, മണിമല, അച്ചൻകോവിൽ നദികളുമായി ബന്ധപ്പെട്ടായിരുന്നു ഇവ. വെളളം എത്താതായതോടെ സബ് കനാലുകൾ സ്വകാര്യ വ്യക്തികൾ കൈയേറി കൃഷി ഇറക്കിയിരിക്കുകയാണ്.
നഷ്ടം എട്ട് താലൂക്കുകൾക്ക്
റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കായംകുളം എന്നീ എട്ട് താലൂക്കുകളിലെ 20,400 ഹെക്ടർ പ്രദേശത്ത് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്. ഇതിൽ 17,815 ഹെക്ടർ നെൽപ്പാടത്തിനും പ്രയോജനം ലഭ്യമാകുമെന്നായിരുന്നു അവകാശവാദം. എന്നാൽ കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും വെളളത്തിനായുള്ള നെട്ടോട്ടം അവസാനിക്കുന്നില്ല.
കനാൽ നികത്തി... വാഴനട്ടു, റോഡ് പണിതു
മുളക്കുഴ പഞ്ചായത്തിലെ പൂക്കച്ചാൽ, കൊഴുവല്ലൂർ പാടശേഖരങ്ങളിലേക്ക് ജലമെത്തിക്കുന്ന സബ് കനാൽ കൈയേറി ചിലർ കൃഷി ഇറക്കി. ചിലഭാഗങ്ങളിൽ കനാൽ കെട്ടിത്തിരിച്ച് താറാവ് കൃഷി ആരംഭിച്ചു. പ്രയാർ, ഇരമല്ലിക്കര എന്നിവിടങ്ങളിൽ കനാൽ നികത്തി റോഡ് പണിതവരുമുണ്ട്. എന്നാൽ പി.ഐ.പി അധികൃതർ ഇതൊന്നും അറിഞ്ഞില്ല. 20 വർഷമായി തരിശുകിടന്ന പൂക്കച്ചാൽ പാടശേഖരം സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കിയെങ്കിലും ഇവിടേക്ക് വെളളമെത്തിക്കാൻ കഴിയുന്നില്ല. താലൂക്കിൽ 26 കിലോമീറ്ററാണ് പ്രധാന കനാൽ. ചെങ്ങന്നൂരിൽ മാത്രം അഞ്ചു കിലോമീറ്ററിലധികം തകർന്ന അവസ്ഥയിലാണ്. ഉപകനാലുകൾ എല്ലാം കൂടി 224.37 കിലോമീറ്റർ വരും.
24 കോടിയുടെ പദ്ധതി സമർപ്പിച്ചു
കനാലുകളുടെ അറ്റകുറ്റപ്പണികൾക്ക് 24 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. 1.12 കോടി അനുവദിച്ചിട്ടുണ്ട്. ബാക്കി പണം കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കനാലുകളുടെ നവീകരണം സാദ്ധ്യമാകും.
ഹഫ്‌സാ ബീവി
(പി.ഐ.പി എക്‌സിക്യൂട്ടീവ് എൻജിനിയർ)