kallar-

കോന്നി : ചൂട് ശക്തിയായതോടെ കുടിനീരു തേടിയുള്ള നെട്ടോട്ടത്തിലാണ് തണ്ണിത്തോട് മേടപ്പാറ നിവാസികൾ. പ്രദേശത്തെ പ്രധാന ജലാശയമായ കല്ലാറിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതും അനുബന്ധ ജലസ്രോതസുകൾ വറ്റി വരണ്ടതുമാണ് പ്രതിസന്ധിക്ക് കാരണം. സാധാരണ മാർച്ച് മാസത്തിലാണ് ഇത്രയും കടുത്ത ജല ക്ഷാമം നേരിടുന്നത്. ഇത്തവണ ജനുവരിയിൽ തന്നെ പ്രദേശം വറുതിയുടെ പിടിയിൽ അകപ്പെട്ടത്തോടെ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് മലയോര മക്കൾ.

കരിഞ്ഞുണങ്ങി കാർഷിക മേഖല

താപനില അനുദിനം വർദ്ധിച്ചതോടെ കാർഷിക വിളകളും കരിഞ്ഞുണങ്ങി. ഇന്നലെ ചൂട് 36 ഡിഗ്രിയിൽ വരെ എത്തി. സമീപകാലത്ത് ആദ്യമായാണ് ഈ സമയം ഇത്ര അധികം ചൂട് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. വാഴ കൃഷി കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. കപ്പ കൃഷി ഇലകളെല്ലാം കൊഴിഞ്ഞ് കമ്പുകൾ മാത്രമായി. വേനൽമഴ കണ്ട് നട്ട കപ്പകളെല്ലാം കരിഞ്ഞുണങ്ങി. ചേന, കാച്ചിൽ, ചേമ്പ് എന്നിവയെല്ലാം കൃഷി ചെയ്തിരുന്നെങ്കിലും എല്ലാം ഭൂമിക്കടിയിൽ തന്നെ കരിഞ്ഞുപോകുന്ന അവസ്ഥ.

കുടിവെള്ളം തേടി വനൃമൃഗങ്ങളും

രാത്രിയുടെ തണുപ്പുപിടിച്ച് കുടിവെള്ളം തേടി എത്തുന്ന വനൃമൃഗങ്ങളും തണ്ണിത്തോടുകാരുടെ ഉറക്കം കെടുത്തുന്നു. വനാന്തരങ്ങളിൽ വെള്ളം കിട്ടാതായതോടെ ആനയും പോത്തും മ്ളാവും ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യമാണ് രാത്രിയിൽ രൂക്ഷമായിരിക്കുന്നത്. അന്തിമയങ്ങിക്കഴിഞ്ഞാൽ പേരുവാലി, മുണ്ടോംമൂഴി പ്രദേശങ്ങളിൽ കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടമായി നിലയുറപ്പിക്കും. ഇതോടെ വാഹനയാത്രക്കാർ മണിക്കൂറുകളോളം കാട്ടിൽ അകപ്പെടും. വാഹനങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നതും പതിവായതോടെ രാത്രികാല യാത്രക്കാർ ഏറെ ഭീതിയിലാണ്.

ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി നിവാസികൾ പ്രധാനമായും കോന്നിയിൽ എത്താൻ തണ്ണിത്തോട് റോഡിനെയാണ് ആശ്രയിക്കുന്നത്. അച്ചൻകോവിൽ - ചിറ്റാർ മലയോര ഹൈവേയുടെ ഭാഗം കൂടിയാണ് തണ്ണിത്തോട്. അടവി ടൂറിസം പദ്ധതിയിലും നിരവധിയാളുകൾ എത്തുന്നുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തിന്റെയും വനൃമൃഗങ്ങളെ ജനവാസ കേന്ദ്രത്തിൽ നിന്ന് തുരത്തുന്നതിന് വനം വകുപ്പിന്റെയും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജല വിതരണ പദ്ധതിയിൽ വെള്ളമില്ല

മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള കുടിവെള്ള പദ്ധതിയിലും ആവശ്യാനുസരണം വെള്ളമെത്തുന്നിമില്ല. തണ്ണിത്തോട്ടിലൂടെ കടന്നുപോവുന്ന കല്ലാർ നദിയുടെ മിക്കഭാഗങ്ങളും വ​റ്റിവരണ്ട നിലയിലാണ്. മൂഴിയിൽ ചെക്ക് ഡാം നിർമ്മിച്ചാണ് തണ്ണിത്തോട് മേടപ്പാറയിൽ വെള്ളം എത്തിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള മോട്ടോറുകളുടെ തകരാറും ശേഷിക്കുറവും പമ്പിംഗിനെ ബാധിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലും കന്നാസുകളിലുമാണ് വെള്ളമെത്തിക്കുന്നത്.

പൈപ്പ് പൊട്ടലും വില്ലൻ

ജല അതോറി​റ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടില്ല. തകരാറുള്ളവ മാ​റ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.