പത്തനംതിട്ട: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയുടെ ജില്ലയിലെ സ്വീകരണ പരിപാടികളിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പങ്കെടുത്തില്ല.
രണ്ടു ദിവസമായിരുന്നു ജില്ലയിലെ യാത്ര. അഞ്ചിടത്ത് സ്വീകരണം നൽകി. ഒരിടത്തുപോലും പത്മകുമാർ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. പത്തനംതിട്ടയിലുണ്ടായിരുന്ന പത്മകുമാർ കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചതുമില്ല.
പത്മകുമാർ സ്വീകരണ വേദികൾക്കു പുറത്തു വച്ച് കോടിയേരിയെ കണ്ടിട്ടുണ്ടാകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ, താൻ കോടിയേരിയെ കണ്ടിട്ടില്ലെന്ന് പത്മകുമാർ കേരളകൗമുദിയോടു പറഞ്ഞു.
പത്മകുമാർ ഒഴികെയുളള ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങൾ ജാഥയ്ക്കൊപ്പമുണ്ടായിരുന്നു. സ്വീകരണ പരിപാടികളിൽ നിന്ന് പത്മകുമാറിനെ പാർട്ടി ഒഴിവാക്കിയതാണെന്നും സൂചനയുണ്ട്.
ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് സർക്കാരിനും പാർട്ടിക്കും അനഭിമതനായി മാറിയ പത്മകുമാർ കേരള സംരക്ഷണ യാത്രയിൽ നിന്ന് വിട്ടു നിന്നത് പാർട്ടിയിൽ ചർച്ചയായി. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്ന ശേഷം തന്റെ വീട്ടിൽ നിന്ന് ഒരു യുവതിയും ശബരിമലയിൽ പോകില്ലെന്ന് പത്മകുമാർ പ്രഖ്യാപിച്ചത് പാർട്ടിയേയും സർക്കാരിനെയും വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു. കോടതി പുന:പരിശോധന ഹർജി പരിഗണിക്കവേ, വിധി നടപ്പാക്കുമെന്ന സർക്കാർ നിലപാടിനെ ദേവസ്വം ബോർഡ് അഭിഭാഷകൻ പിന്തുണച്ചതിനെ പത്മകുമാർ വിമർശിച്ചിരുന്നു. ഇതും പാർട്ടിയേയും സർക്കാരിനെയും പ്രതിസന്ധിയിലാക്കി. പത്മകുമാറിനോട് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. കോടതിയിലെ മലക്കംമറിച്ചിലിനെ തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ബോർഡ് ക്ഷേത്രങ്ങളിലെ പരിപാടികളിൽ നിന്ന് വിട്ടുനൽക്കുകയായിരുന്നു പത്മകുമാർ.