work
മരിയ ഹോസ്പിറ്റലിന് കിഴക്ക് കെ. പി റോഡിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

അടൂർ: നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന കെ. പി റോഡിൽ വീട്ടമ്മ ബസ് കയറി മരിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടങ്ങി. വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിച്ച അടൂർ മുതൽ കോട്ടമുകൾ വരെയുള്ള ഭാഗത്തും ജോലികൾ ത്വരിതഗതിയിലാക്കും. രാത്രിയിൽ നടത്തിവന്ന ജോലി ഇന്ന് മുതൽ പകലും നടത്തും. ഇതിന്റെ ഭാഗമായി ഏഴംകുളം മുതൽ അടൂർ വരെയുള്ള ഗതാഗതം നിരോധിച്ചു. സ്ഥിഗതികൾ നിരീക്ഷിച്ച് വിലയിരുത്താൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇന്നലെ അടൂരിലെത്തി. ശേഷിക്കുന്ന പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള നിർദ്ദേശം കരാറുകാർക്കും ഉദ്യോസ്ഥർക്കും നൽകി. അടൂർ മുതൽ മരുതിമൂട് വരെയുള്ള ഭാഗം ഉന്നതനിലവാരത്തിൽ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കാൻ കരാർ നൽകിയിട്ട് 6 മാസവും പുതിയ പൈപ്പ്ലൈനുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി കരാർ ഉറപ്പിച്ചിട്ട് രണ്ട് വർഷവും കഴിഞ്ഞു. റോഡ് വെട്ടിപ്പൊളിക്കുന്നതുവഴി ഉണ്ടാകുന്ന നഷ്ടമായി അടയ്ക്കേണ്ട തുകയെ ചൊല്ലി ഉടലെടുത്ത തർക്കവും അത് അനുവദിക്കുന്നതിലുണ്ടായ കാലതാമസവുമാണ് സംസ്ഥാനപാതയായ കെ. പി റോഡിന്റെ ദുരവസ്ഥയ്ക്ക് വഴിതെളിച്ചത്. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട 5.22 കോടി രൂപ നവംബറിൽ നൽകിയതോടെയാണ് പൈപ്പ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകിയത്. എന്നാൽ കരാറുകാരുടെ മെല്ലെപ്പോക്ക് കാരണം നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ഏഴംകുളം പ്ളാന്റേഷൻ ജംഗ്ഷൻ മുതൽ മരുതിമൂട് വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട ടാറിംഗ് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി. അഞ്ച് ദിവസം മുമ്പ് കൈമാറിയ അടൂർ മുതൽ കോട്ടമുകൾ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗം ടാർചെയ്യുന്നതിന് മുന്നോടിയായി പൈപ്പിട്ട് മൂടിയ ഭാഗത്തെ മണ്ണ് നീക്കംചെയ്ത് മെറ്റിൽ ഉറപ്പിക്കുന്ന ജോലിയും ആരംഭിച്ചു.

​​​​​​​

--------------------------

വിശദീകരണം തേടി

വീട്ടമ്മയുടെ മരണത്തിനിടയായ സാഹചര്യങ്ങൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറും വകുപ്പു മന്ത്രിയുടെ ഒാഫീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.

-------------------

ശേഷിക്കുന്ന പണികൾ ഒരാഴ്ചയ്ക്കകം തീർത്ത് റോഡ് കൈമാറും. ഉദ്ദേശിച്ചത്ര വേഗത്തിൽ നടക്കുന്ന ജോലിയല്ല ഇത്. കണക്ഷനുകൾ നൽകുന്ന ജോലിമാത്രമാണ് ശേഷിക്കുന്നത്. ഇതിനാവശ്യമായ നിർദ്ദേശം കരാറുകാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് എൻജിനിയർ

വാട്ടർ അതോറിറ്റി, പത്തനംതിട്ട.