padmakumar

 ജില്ലാ കമ്മിറ്രിയിൽ നിന്ന് ഒഴിവാക്കും

 നടപടി തിരഞ്ഞെടുപ്പിന് ശേഷം

പത്തനംതിട്ട: ശബരിമല വിഷയത്തിൽ പാർട്ടിക്കും സർക്കാരിനും പ്രതിസന്ധിയുണ്ടാക്കിയ നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റിയംഗം എന്നീ പദവികളിൽ നിന്ന് ഒഴിവാക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചചെയ്ത് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലാ ഘടകത്തെ അറിയിച്ചു. പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു.

പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കി നിറുത്തിയിരിക്കുകയാണ്. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഒരു ചുമതലയും നൽകിയിട്ടില്ല. വിവാദത്തിന് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കാറില്ല. ശബരിമല വിഷയത്തിനിടെ ചേർന്ന ഒരു സെക്രട്ടേറിയറ്റ് യോഗത്തിൽ പത്മകുമാർ 'ഒറ്റുകാരനാണെന്ന' വിമർശനവുമുണ്ടായി.

സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടുകൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ടയിൽ നടത്തിയ സമ്മേളനത്തിൽ പത്മകുമാർ പങ്കെടുത്തിരുന്നില്ല. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 20, 21 തീയതികളിൽ അഞ്ചിടങ്ങളിലാണ് സ്വീകരണം നൽകിയത്. ഒരു യോഗത്തിലും പത്മകുമാർ പങ്കെടുത്തില്ല. അടൂരിൽ സ്വീകരണ പരിപാടിക്കു ശേഷം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പത്മകുമാറിനെ ക്ഷണിച്ചതുമില്ല.

ശബരിമല കർമ്മസമിതിയും ബി.ജെ.പിയും പത്മകുമാറിന്റെ ആറൻമുളയിലെ വീട് ഉപരോധിച്ചപ്പോൾ, അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് പാർട്ടി ഒരു പ്രസ്താവനപോലും ഇറക്കിയിരുന്നില്ല.

ശബരിമല വിഷയം യു.ഡി.എഫും ബി.ജെ.പിയും പ്രചാരണായുധമാക്കുകയാണ്. ഇൗ സമയത്ത് നടപടിയുണ്ടായാൽ എതിരാളികൾക്ക് ആയുധമാകുമെന്ന വിലയിരുത്തലിലാണ് നടപടി തിരഞ്ഞെടുപ്പിന് ശേഷമാക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് പത്മകുമാറിനോട് എഴുതിവാങ്ങിയെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.

.....

പത്മകുമാറിന്റെ വിവാദമായ പ്രസ്താവനകൾ

''എന്റെ കുടുംബത്തിൽ നിന്ന് ഒരു യുവതിപോലും ശബരിമലയിൽ പോകില്ല ". (യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ സർക്കാരും പാർട്ടിയും സ്വാഗതംചെയ്ത ശേഷം)

''ശബരിമലയിൽ യുവതികൾ കയറിയോ എന്നറിയില്ല. പൊലീസാണ് സ്ഥിരീകരിക്കേണ്ടത് ". (ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയ വീഡിയോ പുറത്തുവന്ന ശേഷം)

''വിധി നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞതിനെപ്പറ്റി റിപ്പോർട്ട് തേടും ". (വിധി നടപ്പാക്കുന്നതിന് സാവകാശ ഹർജി നൽകിയിരിക്കുകയായിരുന്നു ദേവസ്വം ബോർഡ്)