ബഥേൽപടി മുതൽ ചുമത്ര റോഡിന് രണ്ടു കോടി

തിരുവല്ല: നഗരസഭയിലെ ബഥേൽപടി മുതൽ ചുമത്ര വരെയുള്ള പൊതുമരാമത്ത് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലാക്കാൻ രണ്ടു കോടി രൂപ അനുവദിച്ചു ഭരണാനുമതിയായതായി മാത്യു ടി തോമസ് എം.എൽ.എ അറിയിച്ചു. കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ - മുത്തൂർ റോഡ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 26 കോടി രൂപയ്ക്ക് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കാൻ ഭരണാനുമതി ലഭ്യമായതിനെ തുടർന്ന് ടെൻഡർ ക്ഷണിച്ച് കരാർ ഉറപ്പിച്ചിരുന്നു. ഈ പ്രവർത്തിയിൽ ഉൾപ്പെടാതിരുന്ന രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള ബഥേൽപടി -ചുമത്ര ഭാഗമാണ് ഇപ്പോൾ ബഡ്ജറ്റ് പ്രവർത്തിയായി ചെയ്യുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

തിരുമൂലപുരം - ഇരുവള്ളിപ്ര - കറ്റോട് റോഡിന് മൂന്ന് കോടി

എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം - ഇരുവള്ളിപ്ര - കറ്റോട് പൊതുമരാമത്ത് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്താൻ മൂന്നുകോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. തിരുമൂലപുരം ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന റോഡിന് 3 .060 കി.മീറ്റർ ദൂരമുണ്ട്. ഏറെക്കാലമായി യാത്രാദുരിതമനുഭവിക്കുന്ന ഈ റോഡ് മെച്ചപ്പെട്ട നിലവാരത്തിൽ ടാറിംഗ് പൂർത്തിയാകുന്നതോടെ എം.സി റോഡിലൂടെ എത്തുന്ന യാത്രക്കാർക്ക് തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിൽ നിന്നൊഴിവായി ടി.കെ റോഡിലെത്തി കോഴഞ്ചേരി, പത്തനംതിട്ട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.