അടൂർ : മൂന്ന് ദിവസം നീളുന്ന അടൂർ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന് നാളെ കൊടിയിറങ്ങും. അടൂർ സ്മിത തീയേറ്ററിൽ നടന്നുവരുന്ന ഫെസ്റ്റിവലിൽ 15 വിദേശ, മലയാള ചിത്രങ്ങളും തെരഞ്ഞെടുത്ത 10 ഷോർട്ട് ഫിലിമുകളുമാണ് പ്രദർശിപ്പിക്കുന്നത്. ഇന്നലെ പ്രദർശിപ്പിച്ച വി.സി.അഭിലാഷിന്റെ 'ആളൊരുക്കം', ഇസ്രയേൽ ചിത്രമായ 'ഫോക്സ്ട്രോട് ', ഡോ.ബിജുവിന്റെ ഇംഗ്ളീഷ് ചിത്രമായ ദ പെയിന്റിംഗ് ലൈഫ് എന്നീ സിനിമകൾക്ക് നിറഞ്ഞ കൈയടി ലഭിച്ചു. ആളൊരുക്കത്തിന് ശേഷം സംവിധായകൻ വി.സി.അഭിലാഷുമായി സംവാദിക്കാൻ അവസരമൊരുക്കി. മകനെ അന്വേഷിച്ചു നടക്കുന്ന ഒാട്ടൻതുള്ളൽ കലാകാരനായ അപ്പുമാരാരുടെ ആത്മസംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ഇൗ ചിത്രത്തിലൂടെ 2017 ലെ മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസിന് ലഭിച്ചിരുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട നടൻമാരെ സാഹസികമായ നീക്കങ്ങളിലൂടെ മുഖ്യവേഷത്തിൽ എത്തിക്കുന്ന നവസംവിധായകരെ
സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചുകഴിഞ്ഞാൽ പലപ്പോഴും അവഗണിക്കുകയാണ് പലരും. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസിന് മികച്ച അഭിനേതാവെന്ന പരിവേഷം ലഭിച്ചെങ്കിലും അദ്ദേഹം പിന്നീട് ഒരിക്കലും ഇൗ സിനിമയുടെ പേര് പരാമർശിക്കാതിരുന്നത് ഏറെ ഹൃദയവേദന ഉണ്ടാക്കിയതായി വി.സി.അഭിലാഷ് പറഞ്ഞു. 'മലയാളത്തിലെ നവസിനിമ' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പയ്യന്നൂർ ഒാപ്പൺ ഫോറത്തിന്റെ പ്രതിനിധി നന്ദലാൽ മോഡറേറ്ററായിരുന്നു. സംവിധായകരായ സുദേവൻ, മനോജ് കാന, വി.സി.അഭിലാഷ് എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 5ന് സമാപന സമ്മേളനം നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും.
ഇന്ന് പ്രദർശിപ്പിക്കുന്ന സിനിമകൾ
രാവിലെ 8.30 ന് 'ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ' (ഇംഗ്ളീഷ് ), 11 ന് 'കഖഗഘങ'(മലയാളം), 2ന് തീബ് (അറബിക്), 6.15ന് ദ പ്രസിഡന്റ് (ഫ്രാൻസ്), 8.30 ന് ഭുവൻ ഷോം (ഹിന്ദി)