waterpot
തിരുവല്ല വൈ.എം.സി.എയ്ക്ക് സമീപത്തെ പൈപ്പുകുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നു

തിരുവല്ല: നഗരത്തിന്റെ ഹൃദയഭാഗത്ത് നീരുറവയാൽ സമ്പന്നമായ പൈപ്പുകുളം സംരക്ഷിക്കാൻ ഒടുവിൽ അധികൃതർ രംഗത്തെത്തി. നഗരസഭയിലെ 13-ാം വാർഡിൽ വൈ.എം.സി.എയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പൈപ്പുകുളത്തിനാണ് ശോപമോക്ഷം ലഭിക്കുന്നത്. സർക്കാരിന്റെ തണ്ണീർത്തട സംരക്ഷണ നിയമത്തിൻ കീഴിലാണ് പൈപ്പുകുളത്തിന് സംരക്ഷണമൊരുങ്ങുന്നത്. പതിറ്റാണ്ടുകളായി അനാഥമായി കിടന്ന ഈ നീർത്തടം നാലരലക്ഷം രൂപ ചെലവഴിച്ച്‌ ചുറ്റും കരിങ്കല്ല് കെട്ടി വലയിട്ടുമൂടി സംരക്ഷിക്കും. സംരക്ഷിക്കാതിരുന്നതിനാൽ കുളത്തിലെ ജലം മലിനമാകുകയും പാഴ്‌വസ്തുക്കളും കുപ്പികളുമൊക്കെ ഇതിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പൈപ്പുകുളം സംരക്ഷണത്തിനായി വാർഡ് സഭയിൽ ആവശ്യമുയർന്നിരുന്നു. ഇതിനായി റസിഡന്റ്സ് അസോസിയേഷനും ശബ്ദമുയർത്തി മുനിസിപ്പൽ അധികൃതർക്ക് പരാതികളും നൽകി. വീണ്ടും കുളത്തിന്റെ പ്രശ്‌നം സജീവമായത് ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് വൈ.എം.സി.എ.യ്ക്കടുത്ത് പില്ലർ നിർമ്മാണത്തിനിടെയാണ്. പില്ലറിന് തൊട്ടടുത്താണ് കുളമെന്നതിനാൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.പി. അധികൃതരും മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടു. അന്ന് ചെയർമാനായിരുന്ന കെ.വി. വർഗീസ് കുളംകെട്ടി സംരക്ഷിക്കാൻ കരാർ കൊടുത്തിരുന്നെങ്കിലും പണി തുടങ്ങാനായില്ല. പിന്നീട്, കനത്ത മഴയും വെള്ളപ്പൊക്കവുംമൂലം കുളം കവിഞ്ഞൊഴുകുന്നതിനാൽ ജോലികൾ വീണ്ടും മുടങ്ങി. വേനൽക്കാലമായതോടെ മുനിസിപ്പാലിറ്റി വീണ്ടും രംഗത്തെത്തിയതോടെ കുളം സംരക്ഷിക്കാനുള്ള പ്രവൃത്തികൾക്ക് തുടക്കമായി. പണികൾ തുടങ്ങിയതോടെ ഉറവജലം വന്നുനിറയുന്നതിനാൽ ജോലിക്ക് ഭംഗം നേരിട്ടിരുന്നു. ഇപ്പോഴും രാവിലെ പണി തുടങ്ങുന്നതിനുമുമ്പ് വെള്ളം പൂർണമായി പമ്പ് ചെയ്ത് വറ്റിക്കാറുണ്ട്.

വറുതിയിലും വറ്റാത്ത നീരുറവ


ഒരിക്കലും വറ്റിയിട്ടില്ലാത്ത ഈ തെളിനീർ കുളത്തിനു നൂറോളം വർഷത്തെ പഴക്കമുള്ളതായി പഴമക്കാർ പറയുന്നു. മുമ്പ് തിരുവല്ല വൈ.ഡബ്ല്യു.സി.എയ്ക്ക് ആവശ്യമുള്ള വെള്ളം ഇവിടെനിന്നായിരുന്നു പമ്പ് ചെയ്ത് എടുത്തുകൊണ്ടിരുന്നത്. കുളത്തിലെ മുഴുവൻ ജലവും പമ്പ് ചെയ്ത് കളഞ്ഞാലും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും ജലം നിറഞ്ഞുകവിയും. അത്രയ്ക്ക് വറ്റാത്ത ഉറവയാണിവിടെ. സമീപം തമ്പടിച്ചിരുന്ന നാടോടികൾ കുളിക്കാനും നനയ്ക്കാനുമെല്ലാം ഈ വെള്ളം ഉപയോഗിച്ചിരുന്നു. ചിലർ വാഹനങ്ങൾ കഴുകാനായും ഈവെള്ളം പ്രയോജനപ്പെടുത്തി.

ജലസംഭരണത്തിനായി പൈപ്പുകുളം നല്ലരീതിയിൽ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് മുൻസിപ്പൽ സെക്രട്ടറി എസ്. ബിജു പറഞ്ഞു.