തിരുവല്ല: പ്രളയനാന്തരം കാർഷിക സമൃദ്ധി തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, കൃഷി വകുപ്പ്, കുടുംബശ്രീ, തണൽ എന്നിവ സംയുക്തമായി നടത്തുന്ന പദ്ധതിയായ ജില്ലയിലെ പ്രളയബാധിതരായ കർഷകർക്കുള്ള സഹായ വിതരണത്തിന്റെ ഉദ്ഘാടനം പരുമലയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൃഷിയുടെ എല്ലാമേഖലകളിലും വളർച്ച തിരിച്ചുപിടിക്കാനുള്ള ശക്തമായ ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടനയുമായുള്ള കൈകോർക്കലെന്നും മന്ത്രി പറഞ്ഞു. ജില്ലയ്ക്കായി അനുവദിച്ച സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല വാഹനത്തിന്റെ ഫ്‌ളാഗ് ഒഫ് കർമവും മന്ത്രി നിർവഹിച്ചു.
മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചാത്തങ്കേരി, കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, വൈസ് പ്രസിഡന്റ് പി.രാജേശ്വരി, അഗ്രികൾച്ചർ പ്രൈസ് ബോർഡ് ചെയർമാൻ പി.രാജശേഖരൻ, പരുമല സെമിനാരി മാനേജർ റവ.ഫാദർ എം.സി. കുര്യാക്കോസ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എം.പ്രീത, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ സി.എസ്.ദത്തൻ, കടപ്ര കൃഷി ഓഫീസർ റോയ് ഐസക്ക്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.വിധു, പ്രോഗ്രാം കോഓർഡിനേറ്റർ എ.ബി.നെഗി, എഫ്.എ.ഒ നാഷണൽ കൺസൾട്ടന്റ് സി.പി.മോഹനൻ, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സിസി കുര്യൻ എന്നിവർ പങ്കെടുത്തു.
ഐക്യരാഷ്ട്ര സംഘടനയുടെ ഉപവിഭാഗമായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കാണ് സഹായം ലഭിക്കുക. സംസ്ഥാനത്ത് ആകെ 17,500 കർഷകരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലയിൽ 6200പേർക്കാണ് സഹായം ലഭിക്കുക. കൃഷി വകുപ്പിന്റെയും, കുടുംബശ്രീയുടേയും സഹായത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പച്ചക്കറി വിത്തുകൾ, ബനാനാ സക്കർ, ബയോ കൺട്രോൾ ഏജൻസ്, അഞ്ചു കിലോ വളം, 15 കിലോ കുമ്മായം എന്നിവയടങ്ങുന്ന കിറ്റാണ് കർഷകന് ലഭിക്കുക.