പത്തനംതിട്ട: ''എന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ പാർട്ടിയിലുണ്ടാകാം. എനിക്ക് 45 വർഷത്തെ പാർട്ടി പ്രവർത്തന പാരമ്പര്യമുണ്ട്. എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും നല്ല ബോദ്ധ്യവുമുണ്ട്. അവസാന ശ്വാസം വരെയും സി.പി.എമ്മിനൊപ്പമുണ്ടാകും''.
ശബരിമല വിഷയത്തിൽ തനിക്കെതിരെ സി.പി.എം നടപടിയിലേക്കു നീങ്ങുന്നു എന്ന കേരളകൗമുദി വാർത്തയോടു പ്രതികരിക്കുകയായിരുന്നു സി. പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.
നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നില്ല
എനിക്കെതിരെ സി.പി.എം നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പാർട്ടി നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചെന്ന് തോന്നുന്നവരുണ്ടാകും. പാർട്ടി നേതൃത്വത്തിൽ നിന്ന് നേരിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റായ ആളാണ് ഞാൻ. സ്വാഭാവികമായും പാർട്ടി താൽപ്പര്യമനുസരിച്ചുളള നിലപാടുകൾ തന്നിൽ നിന്ന് പ്രതീക്ഷിച്ചവരുണ്ട്. പക്ഷെ, ഭക്തജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കേണ്ടയാളാണ് ബോർഡ് പ്രസിഡന്റ്. ഒരേ സമയം പാർട്ടിനയം, ഭരണഘടന, ആചാരം ഇവയെല്ലാം അനുസരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആത്മസംഘർഷം ഞാൻ അനുഭവിക്കുന്നുണ്ട്. ചില നിലപാടുകൾ സ്വീകരിക്കുമ്പോൾ പാർട്ടിയിലുളളവർക്കു സംശയങ്ങളുണ്ടാകും.പാർട്ടിക്ക് എന്നെ വിശ്വാസമുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.
ബോർഡിൽ ഭിന്നതയില്ല
യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശ ഹർജി നൽകിയത് ശബരിമലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ്. ദേവസ്വം അംഗങ്ങളുമായോ കമ്മിഷണറുമായോ അഭിപ്രായ വ്യത്യാസങ്ങളില്ല. റിവ്യൂ ഹർജികൾ പരിഗണിച്ചപ്പോൾ വിധി നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ മൂന്നു മിനിട്ടാണ് അനുവദിച്ചത്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ആ സമയത്തിനുളളിൽ, വിധി നടപ്പാക്കണം എന്നല്ലേ പറയാൻ പറ്റൂ. കമ്മിഷണറുടെ റിപ്പോർട്ടിലും അതാണുളളത്. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ബോർഡ് അംഗങ്ങൾ എന്നിവരുടെ പൂർണ പിന്തുണയോടെയാണ് ഞാൻ പ്രവർത്തിക്കുന്നത്.
കേരളസംരക്ഷണയാത്ര
പാർട്ടി പരിപാടികളിലും കമ്മിറ്റികളിലും ഞാൻ പങ്കെടുക്കുന്നില്ല എന്ന ആരോപണത്തിൽ തെറ്റ് പറയാനില്ല. ഭരണഘടനാ സ്ഥാപനത്തിന്റെ തലവനാകുമ്പോൾ പാർട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കാനാകില്ല. കേരള സംരക്ഷണ യാത്രയിൽ പങ്കെടുക്കാതിരുന്നത് പാർട്ടി അറിഞ്ഞാണ്. വീണാ ജോർജ് എം.എൽ.എയുടെ സമരത്തിൽ പങ്കടുത്തത് ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാലാണ്. മുഖ്യമന്ത്രിയുടെ പത്തനംതിട്ടയിലെ യോഗം ശബരിമല വിഷയത്തിലായിരുന്നു. ബോർഡിന്റെ നിലപാടായിരുന്നില്ള സർക്കാരിന്. അതുകൊണ്ടാണ് വടികൊടുത്ത് അടി വാങ്ങരുതെന്ന് യോഗത്തിൽ ബോർഡിനെ മുഖ്യമന്ത്രി ഉപദേശിച്ചത്.
യുവാക്കൾ വരട്ടെ
എസ്.എഫ്.എെയുടെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് ഞാൻ രാഷീട്രീയത്തിലേക്കു വന്നത്. അഞ്ച് വർഷം കഴിഞ്ഞാൽ പൊതു രംഗത്ത് 50 വർഷം പൂർത്തിയാക്കും. അപ്പോൾ പാർട്ടിയിലെ ഏതെങ്കിലും ബ്രാഞ്ചിൽ ഒതുങ്ങണമെന്നാണ് ആഗ്രഹം. യുവാക്കൾ നേതൃത്വത്തിലേക്കു വരട്ടെ - പത്മകുമാർ പറഞ്ഞു.