കോട്ടാങ്ങൽ : ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് നെടുംപാല കുടിവെളള പദ്ധതി ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. കോട്ടാങ്ങൽ നിവാസികളുടെ കൂട്ടായ്മയുടെ ഫലമായാണ് ഇത്തരമൊരു പദ്ധതി വേഗത്തിൽ നടപ്പിലായതെന്ന് അദ്ദേഹം പറഞ്ഞു.
രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി മോഹൻ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ, വൈസ് പ്രസിഡന്റ് കെ.എം.എം. സലിം, നെടുംപാല വാട്ടർസർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കൈടുത്തു.
ജനകീയ പദ്ധതി
നെടുംപാല രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിച്ച് വന്ന പ്രദേശമായിരുന്നു. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നെടുംപാല വാട്ടർ സർവീസ് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടിൽ നിന്ന് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് 3.5 ലക്ഷം രൂപയും രാജു ഏബ്രഹാം എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റെജി തോമസ് പത്ത് ലക്ഷം രൂപയും കുടിവെള്ള ഗുണഭോക്താക്കളുടെ വിഹിതമായ 11.5 ലക്ഷം രൂപയുമുൾപ്പെടെ 35 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. 250 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാൻ കഴിയും. കുടിവെള്ള കിണർ നിർമിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ഇലഞ്ഞിക്കമണ്ണിൽ രാജേഷിന്റെ പിതാവായ പരേതനായ ഇ.കെ.വി പിള്ളയുടെ പേരിലാണ് പദ്ധതി. ടാങ്ക് നിർമാണത്തിന് സൗജന്യമായി സ്ഥലം നൽകിയത് അത്യാലിൽ മഠത്തുങ്കൽ ഏബ്രഹാം കുരുവിളയാണ്.