പത്തനംതിട്ട : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ ഡി.വൈ.എഫ്.ഐ -ആർ.എസ്.എസ് സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ ആർ.എസ്.എസ് പ്രവർത്തകരായ സുമേഷ് (26), ശരൺ (24) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ശ്രീഹരി (27), പ്രശാന്ത്(22), രഞ്ജു (25) എന്നിവർക്ക് പരിക്കേറ്റു. ഇവരിൽ ശ്രീഹരി, പ്രശാന്ത് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മിഥുനെ (35) മലയാലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിരന്തരം രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുന്ന സ്ഥലമായി മലയാലപ്പുഴ മാറിയിട്ടുണ്ട്. സി.പി.എം-ബി.ജെ.പി സംഘർഷങ്ങളാണ് കൂടുതലും. കുറെ നാൾ മുമ്പ് ഇവിടെ ബോംബേറും ഇതേ തുടർന്ന് സംഘർഷങ്ങളും നിലനിന്നിരുന്നു. സംഘർഷങ്ങൾ വർദ്ധിച്ചതോടെയാണ് മലയാലപ്പുഴ കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷനും ആരംഭിച്ചത്.
സംഘർഷം കൊടി കെട്ടാൻ ശ്രമിച്ചതിനെ തുടർന്ന്
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കൊടികൾ കെട്ടാൻ ശ്രമിച്ചത് ഒരു വിഭാഗം എതിർത്തതാണ് സംഘർഷത്തിനിടയാക്കിയത്. തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് ക്ഷേത്രപരിസരത്ത് ആരും കൊടികൾ കെട്ടരുതെന്ന് പൊതു തീരുമാനമുണ്ടായി. ശനിയാഴ്ച ഇവിടെ ചെഗുവേരയുടെ ചിത്രമുള്ള കൊടികെട്ടാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ പിന്മാറി. ഇന്നലെ വീണ്ടും കൊടികൾ കെട്ടിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ക്ഷേത്ര ഗ്രൗണ്ടിലാണ് തർക്കങ്ങളും സംഘർഷവും ഉണ്ടായത്.