pinarai-and-chrisostam

പത്തനംതിട്ട: മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ക്രിസോസ്റ്റം തിരുമേനി, തനിക്ക് അതിലേറെ സന്തോഷമെന്ന് മുഖ്യമന്ത്രി. തിരുമേനിയുടെ ആരോഗ്യസ്ഥിതിയും കുശലാന്വോഷണവുമായി ഇരുവരും കുറേനേരം സജീവമായി. മാർത്തോമ സഭ വക കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വിശ്രമിക്കുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദർശിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച ശേഷം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി വലിയ തിരുമേനിയെ സന്ദർശിക്കാനെത്തിയത്. മുഖ്യമന്ത്രി എത്തിയപ്പോൾ അദ്ദേഹത്തിന് കുടിക്കാൻ കൊടുക്കാൻ തിരുമേനി കൂടെയുള്ളവരോട് പറഞ്ഞു. "ഞാൻ കുടിച്ചിട്ടാണ് വന്നത് " എന്ന് മുഖ്യമന്ത്രി. "ഇങ്ങോട്ടാരും കുടിച്ചിട്ട് വരാറില്ല " എന്ന് തിരുമേനി പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് താൻ കുടിച്ചത് ചുക്കുകാപ്പിയാണെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. ഒരു ദിവസം എത്ര മൈൽ യാത്ര ചെയ്യുമെന്ന വലിയ തിരുമേനിയുടെ ചോദ്യത്തിന് അത് അങ്ങ് യാത്ര ചെയ്തിരുന്ന അത്രയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .
മുഖ്യമന്ത്രിയുമായി ഊർജസ്വലനായി വലിയ തിരുമേനി സംസാരിക്കവേ, താനാണ് ഇപ്പോൾ അബദ്ധത്തിലായതെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. തിരുമേനി ക്ഷീണത്തിലാണ്, ഉറങ്ങുകയായിരിക്കും എന്നാലും കണ്ടുവരാം എന്നു പറഞ്ഞാണ് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടു വന്നത്, വലിയ തിരുമേനി ഇത്ര ആക്ടീവാണെന്ന് അറിഞ്ഞില്ലെന്നും മാത്യു ടി തോമസ് പറഞ്ഞപ്പോൾ വീണ്ടും ചിരിപൊട്ടി.തിരുവനന്തപുരത്തിന് വരുന്നോ എന്ന് ചോദിച്ച മുഖ്യമന്ത്രിയോട് അവിടെയെത്തുമ്പോൾ കാണാം എന്ന് പറഞ്ഞാണ് തിരുമേനി യാത്രയാക്കിയത്.