പത്തനംതിട്ട: ലാവ്‌ലിൻ, റാഫേൽ കേസുകളിൽ പിണറായിയും മോദിയും ഒത്തുകളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വലിയ അഴിമതികളിൽ ഒന്നായ ലാവ്‌ലിൻ കേസിന്റെ വാദം കേൾക്കാൻ സുപ്രീംകോടതി തയ്യാറായതാണ്. എന്നാൽ സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. റാഫേൽ അഴിമതിയെപ്പറ്റി സീതാറാം യെച്ചൂരി പ്രതികരിച്ചപ്പോഴും കേരളത്തിൽ പിണറായിയോ കോടിയേരിയോ മിണ്ടിയില്ല. സംഘപരിവാറും പിണറായിയും തമ്മിൽ രഹസ്യബന്ധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. വൈകിയാണെങ്കിലും പിണറായി ഇതിൽ അഭിപ്രായം പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക സംഘടനകളുടെ തിണ്ണ നിരങ്ങുകയാണ് സി.പി.എം. കോൺഗ്രസ് എം.എൽ.എമാർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും തിരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയം ആകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.