ഇളമണ്ണൂർ: ഹിമാലയസാനുക്കളിലും കാടുകളിലും മാത്രം കണ്ട് വരാറുള്ള രുദ്രാക്ഷമരം ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് വിസ്മയമാകുന്നു. കൃഷി ഓഫീസറായിരുന്ന ചേന്നായത്ത് വീട്ടിൽ സുനിലിന് 15 വർഷം മുൻപ് നാഗാർജുനയിൽ നിന്ന് ലഭിച്ച രുദ്രാക്ഷതൈ ക്ഷേത്ര ഭാരവാഹികൾക്ക് കൈമാറുകയും അതീവ ജാഗ്രതയോടെ പരിപാലിക്കുകയുമായിരുന്നു. ഏഴ് വർഷങ്ങൾ പിന്നിട്ടപ്പോൾ നിറയെ കായ്കൾ ഉണ്ടായി. പാകമെത്തിയ കായ്കൾ ശേഖരിച്ച് വൃത്തിയാക്കി ആവശ്യക്കാർക്കും സമീപത്തെ ക്ഷേത്രങ്ങളിലേക്കും നൽകി. ഈ വൃക്ഷത്തിൽ നിന്ന് ശേഖരിക്കുന്ന രുദ്രാക്ഷങ്ങൾ കൊണ്ട് ഉമാമഹേശ്വര നടയിൽ ഉത്സവനാളുകളിൽ രുദ്രാക്ഷ പറയിടുന്നത് ക്ഷേത്രത്തിലെ വിശേഷാൽ വഴിപാടാണ്. ശ്രീമഹാദേവൻ തൃപുരാസുരനെ സംഹരിക്കാനും ദേവൻമാരെ രക്ഷിക്കാനും അഘോരശാസ്ത്രത്തെ സ്മരിച്ചപ്പോൾ ഭഗവാന്റെ നേത്രങ്ങളിൽ നിന്ന് കണ്ണീർ ഇറ്റ് വീണതായും ഇവിടെ നിന്ന് രുദ്രാക്ഷ മഹാവൃക്ഷങ്ങൾ വളർന്ന് എന്നുമാണ് വിശ്വാസം. ഏകമുഖം, ദ്വിമുഖം, ചതുർമുഖം തുടങ്ങി 38 വിധത്തിലുള്ള രുദ്രാക്ഷങ്ങൾ കണ്ട് വരാറുണ്ട്. ഏകമുഖം അപൂർവ്വമായി മാത്രമേ ലഭ്യമാകു. ക്ഷേത്രത്തിലെ രുദ്രാക്ഷമരം നേരിൽ കാണുന്നതിനും രുദ്രാക്ഷങ്ങൾ വാങ്ങുന്നതിനുമായി ദൂരദേശങ്ങളിൽ നിന്ന് ആളുകൾ എത്താറുണ്ട്. ക്ഷേത്രാങ്കണത്തിൽ രുദ്രാക്ഷമരം കൂടാതെ അരയാൽ, പേരാൽ, അതിതി, അശോകം, വിവിധയിനം ചെമ്പകങ്ങൾ,ഞാറ, കൂവളം, എന്നിവയെയും പരിപാലിച്ച് വരുന്നു.
അനേകമാളുകൾ രുദ്രാക്ഷം ആവിശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെടാറുണ്ട്. ക്ഷേത്രങ്ങളിലെ ആവശ്യങ്ങൾക്ക് തികച്ചും സൗജന്യമായാണ് ഇവ നൽകി വരുന്നത് "
എസ്.രതീഷ്
ദേവസ്വം കമ്മറ്റി സെക്രട്ടറി