abani-adi

പത്തനംതിട്ട: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം അബനി ആദിയിലൂടെ വീണ്ടും പത്തനംതിട്ടയുടെ മണ്ണിലേക്ക്. പന്ത് എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് അബനിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. അബനിയുടെ അച്ഛനും സംവിധായകനുമായ ആദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലാ എന്ന ചിത്രത്തിലൂടെ മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേരത്തെയും അബനി നേടിയിരുന്നു.

പന്തുകളിയെ ഇഷ്ടപ്പെടുന്ന ആമിന സ്വപ്‌നം കണ്ടിരുന്നത് സ്വന്തമായൊരു പന്താണ്. പന്ത് വാങ്ങാനുള്ള ആമിനയുടെ രസകരമായ ശ്രമവും ഇതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളും ഏറെ ഹൃദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാല്യത്തിന്റെ നിഷ്‌കളങ്കഥയും കുസൃതിയും ഒട്ടും ചോർന്നു പോകാതെ അബനി അവതരിപ്പിച്ച കഥാപാത്രം തിയേറ്ററുകളിൽ കൈയടി നേടിയിരുന്നു. മലപ്പുറത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അബനിയെ കൂടാതെ ജില്ലയിൽ നിന്നുള്ള ഒരുപിടി കലാകാരന്മാരും അഭിനയിച്ചിട്ടുണ്ട്. നന്നുവക്കാട് വിഷുവിൽ എ.ഗോകുലേന്ദ്രന്റെയും പത്തനംതിട്ട മുൻ നഗരസഭാ അദ്ധ്യക്ഷയായിരുന്ന അമൃതം ഗോകുലന്റെയും കൊച്ചുമകളാണ് അബനി ആദി. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അബനിയുടെ അമ്മ മാദ്ധ്യമ പ്രവ‌ർത്തക അരുണ.

പറക്കോട് കരുവേലിൽ ബാലകൃഷ്ണൻ ഉണ്ണിത്താന്റേയും രാജമ്മയുടേയും മകനായ ആദി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്കുന്നത്. എല്ലാത്തരം പ്രേക്ഷകരയും രസിപ്പിക്കുന്ന ചേരുവകളോടെയാണ് പന്ത് ഒരുക്കിയത്. ചിത്രത്തിന്റെ രചനയും ആദിയുടേതാണ്.