kalunk
പേഴുംപാറ ജംഗ്ഷനിൽ അശാസ്ത്രീയമായി നിർമിച്ച കലുങ്ക്

പേഴുംപാറ: ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന വടശേരിക്കര - ആങ്ങമൂഴി റോഡിന്റെ വടശേരിക്കര - മണിയാർ റീച്ചിലെ നിർമ്മാണത്തിൽ അപാകതയും അഴിമതിയും ആരോപിച്ച് നാട്ടുകാർ സമരത്തിലേക്ക്. മഴ പെയ്താൽ വെളളം ഒഴുകാനുളള കാന നിർമ്മിക്കാതെയാണ് റോഡ് പണിതത്. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തിട്ടില്ല, ടാറിംഗിൽ നിന്ന് വശങ്ങളിലേക്ക് ചില ഭാഗങ്ങളിൽ രണ്ടടിയോളം താഴ്ചയുണ്ട്. റോഡ് കൈയേറ്റങ്ങൾ തിരിച്ചുപിടിച്ചില്ല തുടങ്ങിയവയാണ് പരാതികൾ. ആക്ഷൻ കൗൺസിൽ, ഒരുമ ജനകീയ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രതിഷേധ യോഗങ്ങൾ നടത്തി. തുടർന്ന് റോഡ് നിർമ്മാണം നിറുത്തിവച്ചു. ഒരു കിലോമീറ്ററിന് ഒന്നരക്കോടിയോളമാണ് അനുവദിച്ചിരിക്കുന്നത്. സംരക്ഷണഭിത്തി കെട്ടാതെയാണ് പല ഭാഗത്തെയും നിർമ്മാണം.റോഡ് പണിഞ്ഞപ്പോൾ പ്രദേശവാസികളു‌ടെ വീടുകളിലേക്കുളള വഴി ഇല്ലാതായി. ഇത് പുനർനിർമ്മിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വടശേരിക്കര - മണിയാർ റീച്ചിലെ പത്ത് കിലോമീറ്റർ ഭാഗത്താണ് അശാസ്ത്രീയ നിർമ്മാണം നടത്തിയതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

നിർമ്മാണത്തിലെ അശാസ്ത്രീയത പരിശോധിച്ച് നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിലിനു വേണ്ടി നൂറോളം ആളുകൾ ഒപ്പിട്ട നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകി. നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും പരാതി നൽകി.

....

''കാനകൾ നിർമ്മിക്കാത്തതു കാരണം മഴ പെയ്യുമ്പോൾ റോഡ് പൊളിയും. പല ഭാഗങ്ങളിലും സംരക്ഷണ ഭിത്തിയില്ല.

എം.എസ് മോഹനൻ, പേഴുംപാറ.

...

''റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

സന്തോഷ് ഗംഗാധരൻ, പൊതുപ്രവർത്തകൻ.

...

'' കാന നിർമ്മിക്കാൻ പുതിയ എസ്റ്റിമേറ്റെടുക്കും. കൈറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയുണ്ടാകും. റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതി പരിശോധിക്കും.

പൊതുമരാമത്ത് റോഡ് വിഭാഗം എക്സി. എൻജിനിയർ.