അടൂർ : ഒരാഴ്ചകൊണ്ട് കെ. പി റോഡിലെ പൈപ്പിടൽ ഉൾപ്പെടെയുള്ള തങ്ങളുടെ ജോലികൾ പൂർത്തീകരിക്കുമെന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പായി. വാട്ടർ അതോറിറ്റി ജോലി തീർക്കുന്നതുവരെ കാത്തുനിൽക്കാതെ നാളെ മുതൽ പൂർണതോതിൽ റോഡ് നിർമ്മാണം ആരംഭിക്കാൻ ഇന്നലെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തീരുമാനിച്ചു. പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ നിന്ന് വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് കണക്ഷൻ നൽകുന്ന ജോലിയാണ് വാട്ടർ അതോറിറ്റിയിൽ ശേഷിക്കുന്നത്. ഇതിനായി പറക്കോട് മുതൽ ഏഴംകുളം പ്ളാന്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗം ഉഴുതുമറിച്ച നിലയിലാണ്. ഇൗ പണികൾ പൂർത്തിയാകണമെങ്കിൽ ഇനിയും ഒരാഴ്ചയിലേറെ വേണ്ടിവരും. കഴിഞ്ഞ വ്യാഴാഴ്ച സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം വ്യാപകമായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വാട്ടർ അതോറിറ്റി വേഗം കൂട്ടിയത്. ശേഷിക്കുന്ന പണികൾ തീർക്കാൻ കൂടിവന്നാൽ ഒരാഴ്ച, ഇതായിരുന്നു വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പ്. ആ ഉറപ്പിന് ഇന്ന് ഒരാഴ്ച തികയുകയാണ്. എന്നിട്ടും പണികൾ എങ്ങും എത്തിയില്ല.
പണി തീരാത്ത റോഡ്
പറക്കോട് മുതൽ ഏഴംകുളം പ്ളാന്റേഷൻ ജംഗ്ഷൻ വരെയുള്ള പൈപ്പ് കണക്ഷനുകൾ നൽകുന്ന ജോലിയാണ് ശേഷിക്കുന്നത്. ഇതിനായി റോഡിൽ പലയിടത്തും കുഴി എടുത്തിട്ടിരിക്കുകയാണ്. ഏഴംകുളം മുതൽ അടൂർ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചെങ്കിലും ഇതിനിടയിലുള്ള സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ നിരത്തിലുണ്ട്. കുഴികൾ കാരണം റോഡിലുടനീളം ഗതാഗതക്കുരുക്കാണ്.
റോഡിന്റെ നിർമ്മാണ പുരോഗതി ഇന്നലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അനിൽകുമാർ വിലയിരുത്തി. ഇനിയും റോഡ് പണി ഇഴഞ്ഞു നീക്കികൊണ്ടുപോകാൻ കഴിയില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. മന്ത്രി ജി. സുധാകരൻ ഉൾപ്പെടെയുള്ളവർ ഇൗ വിഷയിൽ നിരന്തരം ഇടപെടാൻ തുടങ്ങിയതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സജീവമായത്. കഴിഞ്ഞ ദിവസം മെയിന്റനൻസ് വിഭാഗം ചീഫ് എൻജിനീയറും റോഡ് നിർമ്മാണം വിലയിരുത്താൻ അടൂരിൽ എത്തിയിരുന്നു.
റോഡ് നിർമ്മാണം ഇതുവരെ
റോഡിന്റെ ഇരുവശങ്ങളിലുംപൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത് മൂടിയ കുഴികൾക്ക് മുകളിൽ മെറ്റിലിട്ട് നിരത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. അടൂർ സെൻട്രൽ ജംഗ്ഷൻ മുതൽ അറുകാലിക്കൽ ക്ഷേത്രം വരെയുള്ള ജോലികൾ ഇന്നുകൊണ്ട് പൂർത്തിയാകും. ശേഷിക്കുന്ന ഭാഗം പൂർത്തിയാക്കണമെങ്കിൽ വാട്ടർ അതോറിറ്റിയുടെ ജോലികൾ പൂർത്തിയാക്കി റോഡ് കൈമാറണം.
കുടിവെള്ളം കിട്ടാതെ നാട്ടുകാർ
കടുത്ത വേനൽകാരണം കിണറുകൾ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി ജനം പരക്കംപായുകയാണ്.സഹായത്തിനെത്തേണ്ട വാട്ടർ അതോറിറ്റി പൈപ്പിടൽ കാരണം കുടിവെള്ളം മുടക്കിയിട്ട് മാസങ്ങളായി. കഴിഞ്ഞ രണ്ട് ദിവസം അടൂർ നഗരസഭയിൽ മാത്രമാണ് വെള്ളം ലഭിച്ചത്.