അടൂർ : നമ്മുടെ നാൽപ്പത് ജവാൻമാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭീകരതയ്ക്കെതിരേ നടത്തിയ തിരിച്ചടി ഇന്ത്യയിലെ ജനങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കാൻ സഹായകമായതായി മന്ത്രി എം. എം. മണി അഭിപ്രായപ്പെട്ടു. പറക്കോട് നിർമ്മിക്കുന്ന എക്സൈസ് കോംപ്ളക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പൊരുതിയ 859 ജവാൻമാരാണ് സമീപകാലത്തായി കൊല്ലപ്പെട്ടത്. അതിനോടാണ് നമ്മൾ പ്രതികരിച്ചത്. ആ പ്രതികരണം തീർത്തും ശരിയാണ്. എന്നാൽ അതിന്റെ പേരിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരുയുദ്ധത്തിലേക്ക് കാര്യങ്ങൾ പോയാൽ കാര്യങ്ങൾ വലിയ സങ്കീർണ്ണമാകും. അത്തരമൊരു സങ്കീർണ്ണതയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാതിരിക്കാനുള്ള ബാദ്ധ്യത കേന്ദ്ര ഗവൺമെന്റിനുണ്ട്. അത് സർക്കാർ നിവേറ്റുമെന്നാണ് കരുതുന്നതെന്നുംഅദ്ദേഹം പറഞ്ഞു.