പത്തനംതിട്ട: വീട്ടിൽ പശുവുണ്ടോ, കാളയുണ്ടോ, പോത്ത്, എരുമ, കോഴി, താറാവ്, പക്ഷികൾ....? വിവരങ്ങളറിയാൻ കണക്കെടുപ്പുകാർ ഇന്ന് മുതൽ വീടുകളിലെത്തും. കിട്ടുന്ന വിവരങ്ങൾ അപ്പോൾത്തന്നെ ഡിജിറ്റലാക്കും. ലാപ്ടാേപ്പിന്റെ മിനി പതിപ്പായ ടാബ് ലെറ്റുകളുമായാണ് കണക്കെടുപ്പുകാർ വരുന്നത്. ഇന്ന് മുതൽ മേയ് 31വരെയാണ് കന്നുകാലി സെൻസസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവിയുടെ വീട് സന്ദർശിച്ച് ജില്ലയിലെ സെൻസിന് ഇന്ന് തുടക്കും കുറിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഒാഫീസർ ഡോ സിസി ഫിലിപ്പ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഒ.പി രാജ്, പി.ആർ. ഒ ഡോ. എം. മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ 155 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരാണ് എന്യൂമറേറ്റർമാരായി സെൻസസ് നടത്തുന്നത്. ഒരു എന്യുമറേറ്റർ ഒരു ദിവസം 20-30 വീടുകളിൽ കയറണമെന്നാണ് നിർദേശം. ഒരു പഞ്ചായത്തിലെ ആറ് മുതൽ എട്ടു വാർഡുകളിലെ സെൻസസ് ജോലിയാണ് ഒാരോരുത്തർക്കും നൽകിയിരിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ ഒാഫീസ് ഡെപ്യൂട്ടി ഡയറക്ടറാണ് സെൻസസിന്റെ നോഡൽ ഒാഫീസർ. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ വെറ്റിറനറി സർജൻമാർ സൂപ്പർവൈസറായിരിക്കും.

സെൻസസ് പ്രവർത്തനത്തിനൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമിക ആപ്ളിക്കേഷനിലും വിവരങ്ങൾ ശേഖരിക്കും. ഇതാദ്യമായി മത്സ്യകൃഷിയുടെ സെൻസസും ഉൾപ്പെടുത്തും.

...

സെൻസസിന് നൽകേണ്ട വിവരങ്ങൾ

വീട്ടുനമ്പർ, ഗൃഹനാഥന്റെ പേര്, തൊഴിൽ, വിദ്യാഭ്യാസം, വരുമാനം, കൈവശഭൂമി, പക്ഷിമൃഗാദികളെ സംബന്ധിച്ച വിവരങ്ങൾ ആൺ, പെൺ, ഇനം, പ്രായം എന്നിവ.

....

പൈലറ്റ് സെൻസസ്

ഏനാദിമംഗലം പഞ്ചായത്ത് ഒന്നാം വാർഡിലും മല്ലപ്പുഴശേരി ആറാം വാർഡിലും മുന്നൊരുക്കം എന്ന നിലയിൽ സെൻസ് ഫെബ്രുവരിയിൽ ആരംഭിച്ചു.

....

20ാം സെൻസസ്

ഇരുപതാമത് കന്നുകാലി സെൻസിനാണ് ഇന്നു തുടക്കമാകുന്നത്. ഇതിനു മുൻപ് 2012ലാണ് കന്നുകാലി സെൻസസ് നടന്നത്. 1920ൽ ആദ്യ സെൻസസ് നടന്നു.

''

സെൻസസിൽ എല്ലാവരും പങ്കാളികളാകണം. മൃഗസംരക്ഷണ രംഗത്ത് മുന്നേറ്റത്തിൽ പുതിയ കാൽവെപ്പാണ് സെൻസസ്.

ഡോ. സിസി ഫിലിപ്പ്, ജില്ലാ മൃഗസംരക്ഷണ ഒാഫീസർ.