കോഴഞ്ചേരി : കുരങ്ങുമല ചരിവ്കാലായിൽ പ്രവീൺരാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി കുരങ്ങുമല ചരവുകാലായിൽ ദീപു ദിവാകര (30)നെ കോഴഞ്ചേരി ഇൻസ്പെക്ടർ ബി.അനിലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 22ന് രാത്രി 11മണിയോടെയാണ് പ്രവീൺ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ദീപു ഒളിവിലായിരുന്നു. വിദേശത്ത് ജോലിയിലായിരുന്ന ദീപു രാജ്യം വിട്ട് പോകാതിരിക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. എറാണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. കോഴഞ്ചേരിയിൽ നിന്ന് ആന്ധ്രപ്രദേശിലെത്തിയ ദീപു ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്ത് എത്തി ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയാണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻപിളള, സി.പി.ഓ. ബിന്ദുലാൽ, ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് അംഗങ്ങളായ എ.എസ്.ഐ. അജി സാമുവേൽ, സി.പി.ഓ. ബിജു മാത്യു എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ നാല് പേർ അറസ്റ്റിലായി. ഒമ്പത് പേർ ഇപ്പോഴും ഒഴിവിലാണെന്നും ഇവർക്കായി അന്വേഷണം തുടരുന്നെന്നും പൊലീസ് അറിയിച്ചു.