പരവൂർ: ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് പരവൂർ മുനിസിപ്പാലിറ്റിയിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
രാജഭരണകാലം മുതൽ പരവൂരിൽ പൊലീസ് സ്റ്റേഷനുണ്ട്. മണ്ഡലത്തിൽ ആദ്യമായി സർക്കിൾ ഓഫീസ് വന്നതും പരവൂരിലാണ്. കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളുടെ സർക്കിൾ ഓഫീസ് പരവൂരിലായിരുന്നു. പിന്നാലെ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസും പരവൂരിൽ വരേണ്ടതായിരുന്നു. നാടിന്റെ പുരോഗതിക്കനുസരിച്ച് കോടതികളും എംപ്ലോയ്‌മെന്റ് ഓഫീസും ലേബർ ഓഫീസും ട്രഷറിയുമൊക്കെ വന്നെങ്കിലും പൊലീസ് സംവിധാനത്തിൽ മാത്രം പിന്നാക്കം പോയി.
പരവൂർ പുറ്റിങ്ങൽ ദുരന്തമുണ്ടായ സമയത്ത് പൊലീസ് സംവിധാനത്തിന്റെ അപര്യാപ്തത ബോധ്യപ്പെടുകയും ചെയ്തു.അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി തീരദേശ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ഇരവിപുരം സർക്കിൾ ഓഫീസ് പുതിയ സംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നിർദ്ദിഷ്ട തീരദേശ ഹൈവേയും തീരദേശ മേഖലയുടെ സംരക്ഷണവും കണക്കിലെടുക്കുമ്പോഴും അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. സർക്കാരിന്റെ പഴയ പൊഴിക്കരയിലെ ഗസ്റ്റ് ഹൗസ് ഒഴിഞ്ഞ് കിടക്കുകയാണ്. എ.സി.പി ഓഫീസ് സ്ഥാപിക്കാൻ അനുയോജ്യമായ കെട്ടിടമാണ്.
തീരദേശ പൊലീസ് സ്റ്റേഷൻ ആരംഭിച്ച് ഇരവിപുരം സർക്കിൾ ഓഫീസും ഉൾപ്പെടുത്തി അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് പരവൂരിൽ ഉടനടി ആരംഭിക്കണം
-ഡോ അശോക് ശങ്കർ,
പ്രഭാകരൻ ഫൗണ്ടേഷൻ
സംസ്ഥാന വൈസ് ചെയർമാൻ
അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് പരവൂരിൽ ഉടൻ സ്ഥാപിക്കണം.
വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും തീരദേശ വാസികൾക്കും പ്രയോജനകരമായിരിക്കും. പൊഴിക്കര റസ്റ്റ് ഹൗസ് അനുയോജ്യമായ കെട്ടിടമാണ്
-ശ്രീലാൽ
സി.പി.എം ചാത്തന്നൂർ
ഏരിയാ കമ്മിറ്റി അംഗം