photo
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേർന്ന് സർക്കാർ വിദേശമദ്യവില്പനശാല പ്രവർത്തിക്കുന്ന കെട്ടിടം

കൊല്ലം: കൊട്ടാരക്കരയിൽ ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ വില്പനശാല യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും സ്വകാര്യ ബസ് സ്റ്റാൻഡിനും ഇടയിൽ നൂറ് മീറ്റർ ദൂരമാണുള്ളത്. ഇവിടെയാണ് മദ്യവില്പനശാല തുടങ്ങിയത്. മുമ്പ് ഇതിന് സമീപംതന്നെ മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മദ്യവില്പനശാല മാറ്റിസ്ഥാപിക്കേണ്ടി വന്നിരുന്നു. എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് ഔട്ട്ലെറ്റുകളെ അപേക്ഷിച്ച് ഇവിടെ എപ്പോഴും തിരക്കാണ്. ബസ് സ്റ്റാൻഡുകൾക്കിടയിലായതിനാൽ ഇടനാഴിയിൽ കൂടി എപ്പോഴും ആളുകൾ കടന്നുപോകും. ഇവർക്ക് ബുദ്ധിമുട്ടായതോടെയാണ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിച്ചത്. തിരക്കേറിയ ബസ് സ്റ്റാൻഡുകളുടെ പരിസരത്തുവച്ച് മദ്യപിക്കുന്ന സംഘവുമുണ്ട്. ദേശീയപാതയിൽ നിന്നുള്ള ദൂരപരിധിയും അന്ന് മറ്റൊരു കാരണമായി. കുന്നക്കരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോ മീറ്റർ ദൂരത്തിലാണ് പിന്നീട് കേന്ദ്രം പ്രവർത്തിച്ചത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത സ്ഥലമായിരുന്നു ഇത്. വിദേശമദ്യ ഷോപ്പിലേക്ക് പോകുന്നതിന് ദൂരമുള്ളതിനാൽ ഓട്ടോ ഡ്രൈവർമാർക്കും ചാകരയായിരുന്നു. എപ്പോഴും അവിടേക്കുള്ള ഓട്ടം ലഭിക്കും. എന്നാൽ ചില താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ നിന്ന് മാറ്റിയ ഔട്ട്ലെറ്റ് ഇപ്പോൾ തിരക്കേറിയ സ്ഥലത്ത് പ്രവർത്തിപ്പിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. വിവിധ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ പതിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തു.

മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ധർണ നടത്തിയിരുന്നു. കെട്ടിടം ഉടമയെ സഹായിക്കാൻ ലക്ഷങ്ങൾ വാങ്ങിയ ശേഷം ബിവറേജസ് ഔട്ട്ലെറ്റ് ഇവിടേക്ക് മാറ്റിയതിന് ഉദ്യോഗസ്ഥരും നഗരസഭയിലെ ചില പ്രമുഖരും ഇടപെട്ടുവെന്നാണ് ആരോപണം. സന്ധ്യ മയങ്ങിയാൽ മദ്യപർ സ്റ്റാൻഡ് പരിസരത്ത് കിടന്നുറങ്ങുന്നതും സംഘർഷമുണ്ടാകുന്നതും പതിവാണ്. തിരക്കേറിയ സ്ഥലത്ത് നിന്ന് ഔട്ട്ലെറ്റ് മാറ്റുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാക്കണമെന്നാണ് പൊതുആവശ്യം.