kila-
കൊട്ടാരക്കര കില ഇ.ടി.സി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ തൊഴിലുറപ്പു പദ്ധതി ഓഫ് കാമ്പസ് പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പിനെക്കുറിച്ച് കൊട്ടാരക്കര കില ഇ.ടി.സിയുടെ നേതൃത്വത്തിൽ ഓച്ചിറ ബ്ലോക്കിൽ ഓഫ് കാമ്പസ് പരിശീലനം നടത്തി. അടുത്ത രണ്ടു മാസത്തിനുള്ളിൽ ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലും ജോലിക്കെത്തുന്ന പരമാവധി തൊഴിലാളികൾക്ക് 100 ദിനവും തൊഴിൽ നൽകാനുള്ള പഞ്ചായത്തുതല കർമ്മ പദ്ധതി പരിശീലനത്തിൽ തയ്യാറാക്കി. പി.എം.എ.വൈ, ലൈഫ് ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ കൂടി ഉറപ്പുവരുത്തുന്നതിനായി ബ്ലോക്ക് പരിധിയിൽ കൂടുതൽ പ്രവൃത്തികൾ ഏറ്റെടുക്കും. തീറ്റപ്പുൽക്കൃഷി, കാലിത്തൊഴുത്തുകൾ, ആട്ടിൻകൂട്, ജലസേചന കിണറുകൾ, പന്നിക്കൂടുകൾ, കമ്പോസ്റ്റ് കുഴികൾ, മഴവെള്ളം ഒലിച്ചുപോകാനുള്ള പാത്തികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കും.

'മാറിയ തൊഴിലുറപ്പും മാറേണ്ട ജോലികളും' എന്ന പേരിൽ കൊട്ടാരക്കര കില ഇ.ടി.സി നടത്തുന്ന പരിശീലന പരമ്പരയുടെ ഭാഗമായിരുന്നു ഓച്ചിറയിലെ പരിശീലനം.ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും ധാരണയായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിശീലനം പ്രസിഡന്റ് എ. മജീദ് ഉദ്ഘാടനം ചെയ്തു. കില ഇ.ടി.സി പ്രിൻസിപ്പൽ ജി. കൃഷ്‌ണകുമാർ പരിശീലന പരിപാടി വിശദീകരിച്ചു. തൊഴിലുറപ്പു പദ്ധതി ജെ.പി.സി.പി.ജെ. ആന്റണി, ബി.ഡി.ഒ ആർ. അജയകുമാർ, കില ഫാക്കൽട്ടി അംഗം വി.പി. റഷീദ്, ജോ.ബി.ഡി.ഒ എൻ.എ. നാസർ എന്നിവർ സംസാരിച്ചു. മുൻ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷണർ സി. ശശിധരൻപിള്ള, ബ്ലോക്ക് അക്രഡിറ്റഡ് എൻജിനിയർമാരായ എ.എച്ച്. വിഷ്‌ണു, എ. ആതിര, ബ്ലോക്ക് ഡി.ഇ.ഒ പ്രിയരാജു എന്നിവർ ക്ലാസെടുത്തു.

തിരഞ്ഞെടുത്ത ഗ്രാമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, തൊഴിലുറപ്പു ജീവനക്കാർ, തൊഴിലുറപ്പുമേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.