കൊല്ലം: വളർച്ചയുടെ ഘട്ടത്തിൽ കുണ്ടറ സിറാമിക്സിനെ കൂടുതൽ മികവിലേക്കെത്തിക്കാൻ സംസ്ഥാന സർക്കാർ ഇത്തവണ ബഡ്ജറ്റിൽ വകയിരുത്തിയത് 17 കോടി രൂപ. ഫാക്ടറിയിൽ അടിമുടി വികസനവും അതുവഴി ഉത്പാദനം കൂട്ടാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസനത്തിന്റെ ഭാഗമായി ഫാക്ടറിയിൽ പുതിയ പ്ളാന്റുകളുടെ നിർമ്മാണം നടക്കുകയാണ്. നിലവിൽ ഇവിടെ നിന്ന് പേപ്പർ പ്രീ കോട്ടിംഗിനുള്ള പൗഡറാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ പ്ളാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ പേപ്പറിന്റെ ടോപ്പ് കോട്ടിംഗിനുള്ള പൗഡറും ഫാക്ടറിയിൽ നിർമ്മിക്കാനാകും. രാജ്യത്ത് പേപ്പർ ടോപ് കോട്ടിംഗിനുള്ള പൗഡർ ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്.
പുത്തൻ പ്ളാന്റ്
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പൗഡർ നിർമ്മാണ പ്രക്രിയയുടെ പുതിയ ഒന്നാംഘട്ട പ്ളാന്റിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും. ഇതിന്റെ ഉദ്ഘാടനം ഈ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖനനം ചെയ്തെടുക്കുന്ന ചൈനാ ക്ളേ ഒന്നാംഘട്ട പ്ളാന്റിലേക്കാണ് ആദ്യം നിക്ഷേപിക്കുക. 75 ശതമാനം മണൽ വേർതിരിച്ച ശേഷം അടുത്ത പ്ളാന്റിലേക്ക് മാറ്റുന്നതുവരെയുള്ള പ്രധാന ജോലികൾ ഈ പ്ളാന്റിലാണ് നടക്കുക.
രണ്ടാംഘട്ട പ്ളാന്റിന്റെ നിർമ്മാണം മാർച്ച് അവസാനത്തോടെയും ഫിൽട്ടർ പ്രസിന്റെ നിർമ്മാണം മാർച്ച് 10നും പൂർത്തിയാകുന്ന വിധമാണ് കരാർ നൽകിയിട്ടുള്ളത്. പ്ളാന്റുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഫാക്ടറിയിലെ ഉത്പാദനം ഇരട്ടിയിലധികമായി മാറുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പുതിയ പ്ളാന്റ് സജ്ജമാകുന്നതോടെ പായ്ക്കിംഗ് ഉൾപ്പടെ ഓട്ടോമാറ്റിക് സിസ്റ്റത്തിലേക്ക് മാറും. ഫാക്ടറിയിലെ വൈദ്യുതീകരണത്തിന്റെ സംവിധാനങ്ങളും അടിമുടി മാറ്റുകയാണ്. നാലര പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച വൈദ്യുതി സംവിധാനങ്ങളും പ്ളാന്റുകളുമാണ് നിലവിലുള്ളത്. അണ്ടർ ഗ്രൗണ്ട് വഴിയാകും ഇനി വൈദ്യുതി ലൈൻ സജ്ജമാക്കുക.
ടേണോവർ മാസം ഒന്നേകാൽ കോടി രൂപ
നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന സിറാമിക്സ് ഇപ്പോൾ വലിയ മുന്നേറ്റം നടത്തി ലാഭത്തിലെത്തിയിരിക്കുകയാണ്. മാസം 20 ലക്ഷം ടേണോഓവർ ഉണ്ടായിരുന്നിടത്ത് രണ്ട് വർഷത്തിൽ നടപ്പിലാക്കിയ വികസനത്തോടെ ഒന്നേകാൽ കോടി രൂപയായി വർദ്ധിച്ചു. പുതിയ പ്ളാന്റുകൾ കൂടി വരുന്നതോടെ ഉത്പാദനം ഇനിയും ഗണ്യമായി കൂടും.
ചൈനാക്ളേ സുലഭം
20 വർഷം ചൈനാക്ളേ ഖനനം ചെയ്യാനുള്ള ഭൂമി സിറാമിക്സിന് ഇപ്പോൾ സ്വന്തമായുണ്ട്. കാഞ്ഞിരകോട് പൂക്കോലിക്കൽ ഭാഗത്തായി നാലര ഏക്കർ ഭൂമിയാണ് ഇപ്പോൾ വിലയ്ക്ക് വാങ്ങിയത്. ഇനി ഏഴ് ഏക്കർ കൂടി വാങ്ങാനും ആലോചനയുണ്ട്.
5000 ടൺ ക്ളേയിൽ നിന്നും 1500 ടൺ പൗഡറാണ് നിലവിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കിവരുന്ന മണൽ മറ്റ് ഉത്പന്നമാക്കുന്നതിനുള്ള ആലോചനയും നടക്കുന്നുണ്ട്.
സർക്കാർ സഹായം ഗുണം ചെയ്തു
നഷ്ടത്തിലായിരുന്ന സിറാമിക്സ് ഉയിർത്തെഴുന്നേൽക്കുകയാണ്. ഒരുപാടുപേരുടെ കഠിന പരിശ്രമം ഇക്കാര്യത്തിലുണ്ട്. സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി മുമ്പ് നൽകിയ സഹായങ്ങളാണ് സിറാമിക്സിന്റെ വികസനത്തിന് വഴിതുറന്നത്. 17 കോടി രൂപ കൂടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത് സിറാമിക്സിന് വലിയതോതിൽ വികസനമുണ്ടാക്കാൻ ഉപകരിക്കും.
(പി.സതീഷ് കുമാർ, എം.ഡി, സിറാമിക്സ്)