photo
മുണ്ടയ്ക്കൽ തുമ്പറ കുളം

കൊല്ലം: മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിന്റെ ഭാഗമായ പൊതുകുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ക്ഷേത്രത്തിന് സമീപം റോഡരികിലാണ് കുളം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപേ ഉള്ളതാണ് ക്ഷേത്രം. ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന ക്ഷേത്രത്തിന്റെ ഭാഗമായി മറ്റൊരു കുളം ഇതിനടുത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീടത് നഷ്ടപ്പെട്ടു. തുടർന്നാണ് സർക്കാർ വിട്ടുനൽകിയ 15 സെന്റ് ഭൂമിയിൽ കുളം നിർമ്മിച്ചത്. കുളത്തിനും നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു.
മുണ്ടയ്ക്കൽ പ്രദേശത്ത് അമൃതകുളവും തുമ്പറ കുളവും മാത്രമാണ് ഇപ്പോൾ ഉള്ളത്. കുളത്തിന്റെ സംരക്ഷണത്തിന് 1994ൽ കൊല്ലം നഗരസഭ പദ്ധതി തയ്യാറാക്കിയിരുന്നു. 1.3 ലക്ഷം രൂപ ഇതിനായി വകയിരുത്തിയെങ്കിലും നിർമ്മാണം നടന്നില്ല. കുളത്തിന്റെ സൗന്ദര്യവത്കരണമാണ് പ്രധാനമായും അന്ന് ലക്ഷ്യമിട്ടത്. വർഷങ്ങൾ കടന്നുപോയപ്പോൾ കുളത്തിന്റെ സ്ഥിതി കൂടുതൽ ശോചനീയമായി. കുളത്തിനുള്ളിൽ മറ്റൊരു ചെറിയ കുളമുണ്ട്. ഇതിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. മറ്റ് ഭാഗങ്ങളിൽ കുറ്റിക്കാട് വളർന്നു. പരിസരവും വൃത്തിശൂന്യമാണ്. വേനൽക്കാലമൊഴിയെ മറ്റ് സമയങ്ങളിൽ കുളത്തിൽ ജലസമൃദ്ധിയാണ്. ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് ഈ കുളത്തിലാണ്.
റോഡിന്റെ അരികിലായുള്ള കുളം വൃത്തിയാക്കി സൗന്ദര്യവത്കരണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. സംരക്ഷണഭിത്തി കെട്ടിബലപ്പെടുത്തി ചുറ്റും ടൈൽസ് പാകണം. ചെടികളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയാൽ കൂടുതൽ മനോഹരമാകും. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും നാടിന്റെ ഐശ്വര്യമായി ഇവിടം മാറണമെങ്കിൽ അധികൃതർ കൂടി മനസുവയ്ക്കണം.