photo
അഷ്ടമുടി തീരദേശ റോഡ് നിർമ്മിക്കാൻ നാട്ടുകാർ ഭൂമി അളന്ന് തിരിക്കുന്നു

നൽകുന്നത് 30 പേരുടെ ഭൂമി

അളന്നുതിരിച്ച് കുറ്റിനാട്ടി

കൊല്ലം: അ​ഷ്ട​മു​ടി​യെ​ ​വ​ള്ള​ക്ക​ട​വ് ​റോ​ഡു​മാ​യി​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ തീരദേശ റോഡെന്ന നാട്ടുകാരുടെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. ഇന്നലെ ഗ്രാമപഞ്ചായത്തംഗം എസ്. പ്രിയയുടെയും മുൻഅംഗം ആർ. അജയകുമാറിന്റെയും നേതൃത്വത്തിൽ പ്രദേശവാസികൾ ഭൂമി അളന്ന് കുറ്റി നാട്ടി. നാട്ടുകാർ സ്വമേധയാ നിർമ്മിക്കുന്ന റോഡ് പഞ്ചായത്തിന് കൈമാറും.

മൂന്നര മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് ഒന്നര കിലോമീറ്റർ ദൈർഘ്യമുണ്ടാകും. 30പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് വിട്ടുനൽകുക. 95 ശതമാനം വസ്തു ഉടമകളും ഭൂമി സൗജന്യമായാണ് നൽകുന്നത്. ശേഷിക്കുന്നവർക്ക് വില നൽകേണ്ടി വരും. റോഡ് വരുന്നതിനെ ഇവരും പൂർണ്ണ മനസോടെ സ്വാഗതം ചെയ്യുന്നുണ്ട്. ഇല്ലായ്മകൾക്കിടയിൽ കൂടുതൽ ബുദ്ധിമുട്ട് താങ്ങാനാവാത്തതുകൊണ്ടാണ് ഇവർ പണം ആവശ്യപ്പെടുന്നത്. നാട്ടുകാരിൽ നിന്നുതന്നെ പണം സമാഹരിച്ച് ഇവർക്ക് നൽകാനാണ് ശ്രമം. ഇവരുടെ ഭൂമിയും അളന്ന് കുറ്റിയടിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

രാഷ്ട്രീയഭേദമന്യേ തീരദേശ റോഡിനെ എല്ലാവരും അനുകൂലിക്കുന്നു. നാടിന്റെ പുരോഗതിക്ക് തീരദേശ റോഡ് വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

റോ‌ഡ് യാഥാർത്ഥ്യമാകുന്നതോടെ ഭൂമി വില ഉയരുമെന്ന പ്രതീക്ഷയുമുണ്ട്.

തീരദേശ റോഡ്

തോട്ടത്തിൽ കായൽവാരത്ത് തുടങ്ങി വയലിൽക്കടമുക്ക് വരെയെത്തുന്നതാണ് നിർദ്ദിഷ്ട തീരദേശ റോഡ്. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ 1,16 വാർഡുകളിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. പ്രധാന റോഡിനൊപ്പം ഇടറോഡുകൾ ഒരുക്കാനും പദ്ധതിയുണ്ട്. ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്ക് ചെറിയ റോഡുകൾ നിർമ്മിക്കാനാണ് ആലോചന. എല്ലാ വീടുകളിലേക്കും വാഹനമെത്തുന്ന വിധം വഴികൾ നിർമ്മിക്കണമെന്നാണ് പൊതുധാരണ.

നിർമ്മാണം ഉടൻ
രണ്ടാഴ്ച കഴിയുമ്പോൾ നിർമ്മാണം തുടങ്ങും. വശങ്ങൾ വെട്ടി വൃത്തിയാക്കി മൺറോഡ് ഒരുക്കുകയാണ് ആദ്യപടി. ഉയർച്ചയും താഴ്ചയുമുള്ള ഭാഗങ്ങൾ നിരപ്പാക്കണം. മൺറോഡ് നിർമ്മിച്ചശേഷം സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് ഉൾപ്പെടെ നടത്താമെന്നാണ് കരുതുന്നത്.

ആദ്യ ചുവട് വച്ചത് കേരളകൗമുദി

അഷ്ടമുടിയിൽ തീരദേശ റോഡെന്ന ആശയം പൊതുസമൂഹത്തിന്റെ ചർച്ചയ്ക്ക് എത്തിച്ചത് കേരളകൗമുദി വാർത്ത. കഴിഞ്ഞ നവംബർ 15ന് 'അഷ്ടമുടിയിൽ തീരദേശ റോഡെന്ന സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പണ്ടുമുതലുള്ള നാടിന്റെ സ്വപ്നമായിരുന്നെങ്കിലും ഇതിന് സാദ്ധ്യതയുണ്ടെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയതോടെ പൊതുസമൂഹം ഉണർന്നു. ഗ്രാമപഞ്ചായത്തംഗവും മുൻ അംഗവും മുൻകൈയെടുത്തതോടെ തീരദേശ റോഡിന് നാട് പച്ചക്കൊടി കാട്ടി.

ടൂറിസം സാദ്ധ്യതകളും

അഷ്ടമുടികായലിന്റെ തീരത്തുകൂടിയുള്ള റോഡ് യാഥാർത്ഥ്യമാകുമ്പോൾ കായൽ ടൂറിസത്തിനും ഗുണം ചെയ്യും. കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും.